ബംഗളൂരു: നബിദിന ഘോഷയാത്രയ്ക്കിടെ വാളും മാരകായുധങ്ങളും വീശി പ്രകടനം നടത്തിയവർ അറസ്റ്റിൽ. പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടെ 18 പേരാണ് അറസ്റ്റിലായത്. ഇവരെ അടുത്ത ദിവസം കോടതിയിൽ ഹാജരാക്കും.
സിദ്ധപ്പൂര നഗരത്തിൽ സംഘടിപ്പിച്ച നബിദിന ഘോഷയാത്രയ്‌ക്കിടെയായിരുന്നു കുട്ടികളും യുവാക്കളും മാരകായുധങ്ങൾ വീശിയത്. ഇതിന് പുറമേ ദി ആൾ ഇന്ത്യ മസ്ജിദ് ഇ ഇത്തിഹാദുൽ മുസ്ലിമീൻ നേതാവ് അക്ബറുദ്ദീൻ ഒവൈസിയുടെ പ്രകോപനപരമായ പ്രസംഗവും പ്രചരിപ്പിച്ചിരുന്നു.
വാളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടുള്ള പ്രകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പോലീസ് നടപടി സ്വീകരിച്ചത്.
സിദ്ധപ്പൂര സ്വദേശികളാണ് പിടിയിലായത്. 18 പേരിൽ 13 പേരും പ്രായപൂർത്തിയാകാത്തവരാണ്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാകും നടപടി സ്വീകരിക്കുക. സംഭവത്തിൽ ഇനിയും കൂടുതൽ പേർ അറസ്റ്റിലാകാൻ ഉണ്ടെന്നാണ് പോലീസ് നൽകുന്ന വിവരം. 50 ഓളം പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. പ്രതികൾക്കെതിരെ ആയുധ നിയമ പ്രകാരവും, നിയമവിരുദ്ധമായി കൂട്ടംചേരൽ, പൊതുസമാധാനം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ പ്രകാരവുമാണ് കേസ് എടുത്തിട്ടുള്ളത്.
Comments