പത്തനംതിട്ട: ഇലന്തൂർ ആഭിചാര കൊലക്കേസിൽ അറസ്റ്റിലായ മൂന്ന് പ്രതികളെയും ഇന്ന് കോടതിയിൽ ഹാജരാക്കും. പത്തനംതിട്ട ഇലന്തൂർ സ്വദേശികളായ ഭഗവൽ സിംഗ്, ഭാര്യ ലൈല, ആസൂത്രകനും ഏജന്റുമായ മുഹമ്മദ് ഷാഫി എന്നിവരെ ഇന്ന് ഉച്ചയോടെയാകും കോടതിയിൽ ഹാജരാക്കുക. ഭഗവൽ സിംഗിന്റെ വീട്ടുവളപ്പിൽ നിന്നും ഇന്നലെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു.കണ്ടെത്തിയ മൃതദേഹാവശിഷ്ടങ്ങൾക്ക് രണ്ടാഴ്ചത്തെ പഴക്കമുണ്ടെന്ന് കൊച്ചി ഡിസിപി പറഞ്ഞു.ഡിഎൻഎ പരിശോധനയ്‌ക്ക് ആവശ്യമായ സാമ്പിളുകൾ ശേഖരിച്ചിട്ടുണ്ട്.
കടവന്ത്രയിൽ താമസിക്കുന്ന തമിഴ്‌നാട് സ്വദേശിനി പത്മം, തൃശ്ശൂർ സ്വദേശി റോസിലി എന്നിവരാണ് ക്രൂരമായി കൊല്ലപ്പെട്ടത്. റോസിലിയെ ജൂൺ എട്ടിനും പത്മത്തെ സെപ്റ്റംബർ 26 നും കൊലപ്പെടുത്തിയെന്നാണ് നിഗമനം. ഇരുവരുടെയും മൃതദേഹം ഡിഎൻഎ പരിശോധനയടക്കം പൂർത്തിയാക്കിയ ശേഷം ആയിരിക്കും ബന്ധുക്കൾക്ക് വിട്ടു നൽകുക.
ഫേസ്ബുക്കിലെ വ്യാജ പ്രൊഫൈലിലൂടെയാണ് ഏജന്റ് ദമ്പതിമാരെ പരിചയപ്പെടുന്നതും മനുഷ്യബലിയ്‌ക്ക് പ്രേരിപ്പിക്കുന്നതും. മനുഷ്യബലി നടത്തിയാൽ സാമ്പത്തിക അഭിവൃദ്ധി ഉണ്ടാകുമെന്ന് ഏജന്റ് വിശ്വസിപ്പിച്ചു. ഇടതുപക്ഷ അനുഭാവികളായ ദമ്പതിമാർ മനുഷ്യബലിയ്‌ക്ക് തുനിയുകയായിരുന്നു. പത്തനംതിട്ടയിൽ വെച്ചാണ് മനുഷ്യബലി നടത്തിയത്.
ആഭിചാര കൊലപാതകത്തിൽ അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് പോലീസ്.കൊലപാതകത്തിൽ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് ആണ് പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്. മറ്റു ആളുകളെ സമാനമായ രീതിയിൽ കൊലപ്പെടുത്തിയിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു.ശാസ്ത്രീയ തെളിവുകൾ പരമാവധി ശേഖരിച്ചു കൊണ്ടാണ് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുന്നത്. ദുരൂഹ സാഹചര്യത്തിൽ കാണാതായവരുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചു വരിയാണ്.
Comments