നമുക്ക് സ്ഥിരമായി ലഭിക്കുന്ന ഉപദേശമാണ് ഭക്ഷണത്തിനിടെ വെള്ളം കുടിക്കരുത് എന്നത്. ഭക്ഷണത്തിന് ശേഷമോ മുൻപോ മാത്രമേ വെള്ളം കുടിക്കാവൂ എന്നാണ് പൊതുവെ പറയാറുള്ളത്. എന്നാൽ ഇതിനിടെ വെള്ളം കുടിക്കുന്നവരും ഉണ്ട്. ഭക്ഷണത്തിനിടെ വെള്ളം കുടിക്കുന്നത് അത്ര നല്ലതല്ലെന്ന ശാസ്ത്രീയ വശവും നാം കേട്ടിട്ടുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് നല്ലതോ ചീത്തയോ എന്ന കാര്യത്തിൽ നമുക്ക് ഇപ്പോഴും ഒരു വ്യക്തതയും ഇല്ല.
യഥാർത്ഥത്തിൽ ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത് കൊണ്ട് ദോഷമില്ലെന്നാണ് ന്യൂട്രീഷ്യനിസ്റ്റുകൾ പറയുന്നത്. വെള്ളം കുടിയ്‌ക്കുന്നത് ദഹനത്തെ ദോഷകരമായി ബാധിക്കുകയോ, ദഹനം മന്ദഗതിയിൽ ആക്കുകയോ ചെയ്യാറില്ല. ഭക്ഷണത്തിനിടെ വെള്ളം കുടിച്ചാൽ പൊണ്ണത്തടി വരുമെന്ന് പറയുന്നവരും ഉണ്ട്. എന്നാൽ ഈ വാദത്തിൽ കഴമ്പില്ലെന്നാണ് വിദഗ്ധർ പറയുന്നത്.
എന്നാൽ വെള്ളത്തിന് പകരം മറ്റ് പാനീയങ്ങൾ കഴിക്കുന്നത് ശരീരത്തെ ദോഷമായി ബാധിക്കും. കോള, ബിയർ, കാപ്പി, ചായ മുതലായവ ഭക്ഷണത്തോടൊപ്പം കഴിക്കാൻ പാടില്ല. ഇത്തരം പാനീയങ്ങൾ ഭക്ഷണത്തിൽ നിന്നു കാത്സ്യത്തെ വേർതിരിക്കുന്ന പ്രക്രിയയെ ദോഷമായി ബാധിക്കും. ഇത് ശരീരത്തിന് ആവശ്യമായ കാത്സ്യം ലഭിക്കാത്തതിനും മറ്റ് ആരോഗ്യപ്രശ്നങ്ങൾക്കും വഴിവെക്കും.
അതേസമയം ഭക്ഷണത്തോടൊപ്പം നാരങ്ങ വെള്ളം, ഇഞ്ചിയോ പുതിനയിലയോ ചേർത്ത വെള്ളം എന്നിവ കുടിക്കുന്നത് ഉത്തമമാണ്. ഇത് അൽപ്പാൽപ്പമായി കുടിക്കുന്നത് ഭക്ഷണത്തിൽ നിന്നും പോഷകങ്ങൾ വേർതിരിച്ച് എടുക്കാൻ സഹായിക്കും.
അതേസമയം ഭക്ഷണം കഴിക്കുന്നതിന് മുൻപും ശേഷവും വെള്ളം കുടിക്കുന്നതിനും പ്രശ്നമില്ല. ഭക്ഷണം ദഹിപ്പിക്കാൻ വെള്ളം ആവശ്യമാണ്. അതിനാൽ ഭക്ഷണത്തിന് ശേഷം വെള്ളം കുടിക്കുന്നത് ഗുണകരമാണ്. ഭക്ഷണം കഴിക്കുന്നതിന് രണ്ട് മണിക്കൂർ മുൻപ് വെള്ളം കുടിക്കുന്നത് ആമാശയത്തെ ക്രമപ്പെടുത്താൻ സഹായകരമാണ്.
















Comments