എന്തെങ്കിലും ചെറിയ പ്രവൃത്തികളിൽ ഏർപ്പെടുമ്പോൾ തന്നെ തലവേദന ബാധിക്കുന്നത് നമുക്ക് അസഹനീയമാണ്. പതിവായി തലവേദന അനുഭവിക്കുന്നവരും ധാരാളമാണ്. പല കാരണങ്ങൾ കൊണ്ടാണ് തലവേദന ഉണ്ടാകുന്നത്. നമ്മുടെ ദൈനംദിന പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുന്നതിനൊപ്പം സന്തോഷത്തെയും ഇവ ഇല്ലാതാക്കുന്നു. അടിക്കടി തലവേദന ഉണ്ടാകുന്നവരുടെ പ്രധാന സംശയമാണ് മൈഗ്രേൻ ആണോ എന്നത്. മൈഗ്രേൻ എന്നത് പലരുടെയും ഉറക്കം തന്നെ കെടുത്തുന്ന ഭീകര സ്വപ്നമാണ്. വിശപ്പ്, ശാരീരികവും മാനസികമായ സമ്മർദ്ദങ്ങൾ, അതിക്ഷീണം, ആർത്തവം, പെരിമെനോപ്പോസൽ കാലം(മെനപ്പോസിനോട് അടുപ്പിച്ചു വരുന്ന സമയം), ആദ്യത്തെ ആർത്തവം, ആർത്തവവിരാമം, ഗർഭനിരോധന മരുന്നുകളുടെ ഉപയോഗം, ഗർഭധാരണം, ചില ഭക്ഷണരീതികൾ, വീടിനകത്തുള്ള വെളിച്ചത്തിന്റെയും വായുവിന്റെയും ഗുണനിലവാരം, സൂര്യപ്രകാശം, ചില രൂക്ഷഗന്ധങ്ങളുടെ സാന്നിധ്യം, ചില ശബ്ദങ്ങൾ എന്നിങ്ങനെയുള്ള കാരണങ്ങൾ കൊണ്ടാണ് പൊതുവെ മൈഗ്രേൻ വരിക. എന്താണ് ഇതിനുള്ള പ്രതിവിധി എന്നാണ് പലരും അന്വേഷിക്കുന്നത്.
എന്താണ് മൈഗ്രേനുളള ചികിത്സകൾ,
പ്രധാനമായും ചികിത്സയ്ക്ക് മൂന്നു വശങ്ങളാണ് ഉള്ളത്. മൈഗ്രേൻ ഉണ്ടാവാൻ പ്രേരിപ്പിക്കുന്നത് എന്താണോ അത് ഒഴിവാക്കുക, നിശിത രോഗലക്ഷണ നിയന്ത്രണം, മരുന്നുകൾ കൊണ്ടുള്ള പ്രതിരോധം എന്നിവയാണ് മൂന്നു വശങ്ങൾ. മൈഗ്രേൻ വന്നാൽ എന്തു ചെയ്യണമെന്നറിയാതെ വേദന സംഹാരികളും മറ്റുംകഴിച്ച് ദിവസം തള്ളി നീക്കുന്നവരുണ്ട്. അത്തരക്കാർക്ക് വീട്ടിൽ ഇരുന്നു കൊണ്ട് വേദന ശമിപ്പിക്കാനുള്ള ചില പൊടികൈകൾ താഴെ നൽകുന്നു. അവ പരീക്ഷിച്ചു നോക്കാവുന്നതാണ്.
- മുന്തിരി ജ്യൂസ്: നല്ല മുന്തിരി ശുദ്ധമായ വെള്ളത്തിൽ ചേർത്ത് ജ്യൂസുണ്ടാക്കി ദിവസം രണ്ടു നേരം കുടിക്കാം. മധുരം ചേർക്കാതെ വേണം മുന്തിരി ജ്യൂസ് കുടിക്കാൻ. ധാരാളം നാരംശമുള്ള ഈ ജ്യൂസിൽ വിറ്റാമിൻ എ, സി എന്നിവയും ആവശ്യത്തിന് കാർബോഹൈഡ്രേറ്റും അടങ്ങിയിട്ടുണ്ട്. ഇത് മൈഗ്രേനിന്റെ വേദനക്ക് ശമനം നൽകും.
- ഇഞ്ചി: ഇഞ്ചി ചതച്ച വെള്ളം, ഇഞ്ചി ചതച്ച് ചേർത്ത നാരങ്ങാ ജ്യൂസ്, ഇഞ്ചി ഇട്ടുള്ള ചായ എന്നിവ കുടിക്കാം. ഇഞ്ചി അരച്ച് കഴിക്കുന്നതും നല്ലതാണ്.
- കറുവപ്പട്ട: കറുവപ്പട്ട പൊടിച്ച് വെള്ളത്തിൽ ചാലിച്ച് നെറ്റിക്കിരുവശവും പുരട്ടുക. 30 മിനുട്ടിനു ശേഷം ചുടുവെളളം ഉപയോഗിച്ച് കഴുകി കളയുക. ഇത് വേദനക്ക് ആശ്വാസം നൽകും.
- അമിതമായ വെളിച്ചം ഒഴിവാക്കുക: മൈഗ്രേനുള്ള സമയത്ത് കൂടുതൽ വെളിച്ചമുള്ള ഇടങ്ങൾ ഒഴിവാക്കുക. വെളിച്ചത്തിൽ ഇരിക്കുന്നത് വേദന വർദ്ധിക്കുന്നതിനിടയാക്കും.
- തടവുക(മസാജ് ചെയ്യുക): മൈഗ്രേനിന്റെ വേദനയിൽ നിന്ന് രക്ഷനേടാനുള്ള ഏറ്റവും ലളിതമായ വഴി മസാജ് ചെയ്യുക എന്നതാണ്. വേദനയുള്ളവർ മറ്റാരെക്കൊണ്ടെങ്കിലും മസാജ് ചെയ്യിപ്പിക്കുക. കഴുത്തും തലയും മസാജ് ചെയ്താൽ ശമിക്കുകയും ആശ്വാസം ലഭിക്കുകയും ചെയ്യും.
തലവേദനയ്ക്ക് ശമനം ഇല്ലെങ്കിൽ വിട്ടുമാറുന്നില്ലെങ്കിൽ അതിന്റെ കാരണം കണ്ടെത്തി തന്നെ ചികിത്സിക്കണം. ഏതൊരു രോഗവും പോലെ തന്നെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സയും ജീവിതശൈലിയിൽ വരുത്തേണ്ട ചില മാറ്റങ്ങളും കൊണ്ട് ഒരു പരിധിവരെ മൈഗ്രെയ്ൻ എന്ന ശത്രുവിനെ അകറ്റി നിർത്താവുന്നതാണ്.
Comments