ന്യൂഡല്‍ഹി: രാജ്യത്തെ കോഴി കര്‍ഷകര്‍ക്ക് വലിയ ആശ്വാസമാകുന്ന പ്രഖ്യാപനവുമായി കേന്ദ്രസര്‍ക്കാര്‍. പക്ഷിപ്പനിക്കെതിരായ ഇന്ത്യയുടെ ആദ്യ തദ്ദേശീയ വാക്സിന്‍ പുറത്തിറക്കി കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. H5N1 വൈറസിന്റെ പ്രത്യേക വകഭേദത്തിനെതിരെ വികസിപ്പിച്ച ലോകത്തിലെ ആദ്യ വാക്സിനാണിതെന്ന് മന്ത്രി വ്യക്തമാക്കി. സാധാരണ കര്‍ഷകര്‍ക്കും താങ്ങാനാകുന്ന നിരക്കില്‍ ഒരു ഡോസിന് ഒന്നുമുതല്‍ രണ്ടുരൂപ വരെയായിരിക്കും വിലയെന്നും അദ്ദേഹം പറഞ്ഞു.
പക്ഷിപ്പനി വ്യാപനം നിയന്ത്രിക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് പുതിയ വാക്സിന്‍. കോഴികളിലും താറാവുകളിലും ഉള്‍പ്പെടെ പടരുന്ന രോഗം കര്‍ഷകര്‍ക്ക് വലിയ സാമ്പത്തിക നഷ്ടമാണ് വരുത്തിവയ്‌ക്കുന്നത്. രോഗവ്യാപനം തടയാന്‍ കൂട്ടത്തോടെ പക്ഷികളെ കൊന്നൊടുക്കേണ്ടിവരുന്ന സാഹചര്യത്തിനും പുതിയ വാക്സിന്‍ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
ഭോപ്പാല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐസിഎആറിന് കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസ് (NIHSAD) ആണ് വാക്സിന്‍ വികസിപ്പിച്ചത്. H5N1 വൈറസില്‍നിന്ന് കോഴികള്‍ക്ക് സംരക്ഷണം നല്‍കുകയാണ് ഇതിന്റെ ലക്ഷ്യം. ഇതുവരെ രാജ്യത്ത് ഈ വൈറസിനെതിരെ പ്രത്യേക തദ്ദേശീയ വാക്സിന്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ വാക്സിന്‍ വിപണിയില്‍ എത്തുന്ന തീയതി സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല.
ഇന്ത്യയില്‍ 2006-ല്‍ മഹാരാഷ്‌ട്രയിലെ നവാപൂരിലാണ് ആദ്യമായി പക്ഷിപ്പനി സ്ഥിരീകരിച്ചത്. അതിനുശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 500-ലധികം രോഗബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2021-ലെ വ്യാപനത്തില്‍ ഏകദേശം ഒന്‍പത് ലക്ഷം കോഴികള്‍ ചത്തതായും ഈ വര്‍ഷം മാത്രം രണ്ട് ലക്ഷം കോഴികള്‍ക്ക് ജീവന്‍ നഷ്ടമായതായും ശിവരാജ് സിങ് ചൗഹാന്‍ പറഞ്ഞു.
ആവര്‍ത്തിച്ചുള്ള പക്ഷിപ്പനി വ്യാപനം കര്‍ഷകരുടെ ഉപജീവനത്തെ മാത്രമല്ല, മൃഗങ്ങളുടെയും മനുഷ്യരുടെയും ആരോഗ്യത്തെയും ബാധിക്കുന്ന ഗുരുതര ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കന്നുകാലികളും മറ്റ് വളര്‍ത്തുമൃഗങ്ങളും കര്‍ഷകര്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്ന ചലിക്കുന്ന എ.ടി.എമ്മുകളാണെന്നും അദ്ദേഹം പറഞ്ഞു.
മൃഗങ്ങളിലെ രോഗങ്ങള്‍ നിയന്ത്രിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ വിവിധ വാക്സിനേഷന്‍ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. H5N1 വാക്സിന്‍ വികസിപ്പിക്കുന്നതില്‍ പങ്കാളികളായ ശാസ്ത്രജ്ഞരെയും മന്ത്രി അഭിനന്ദിച്ചു. അവധിപോലും ഒഴിവാക്കി മാസങ്ങളോളം കഠിനാധ്വാനം ചെയ്താണ് സംഘം ഗവേഷണം പൂര്‍ത്തിയാക്കിയതെന്നും കര്‍ശനമായ ലബോറട്ടറി ബയോസെഫ്റ്റി മാനദണ്ഡങ്ങള്‍ പാലിച്ചാണ് വാക്സിന്‍ വികസിപ്പിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.















