ഇസ്ലാമാബാദ്: പാകിസ്താനിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ദുരഭിമാനക്കൊലകളും വർദ്ധിക്കുന്നുവെന്ന് സർവേ. രാജ്യത്ത് ഓരോ രണ്ട് മണിക്കൂറിലും ഒരു സ്ത്രീ വച്ച് ബലാത്സംഗം ചെയ്യപ്പെടുന്നു എന്നാണ് പുറത്തു വന്ന സർവേ ഫലം വ്യക്തമാക്കുന്നത്. പഞ്ചാബ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പിൽ നിന്നും മനുഷ്യാവകാശ മന്ത്രാലയത്തിൽ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താൻ ചാനലായ സാമാ ടിവി-യുടെ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU) നടത്തിയ സർവേയിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ.
സ്ത്രീകൾക്കെതിരെ ബലാത്സംഗ കേസുകൾ വർദ്ധിക്കുമ്പോഴും ശിക്ഷാ നിരക്ക് 0.2 ശതമാനം മാത്രമാണ്. 2017 മുതൽ 2021 വരെ പാകിസ്താനിൽ 21,900 സ്ത്രീകൾ ബലാത്സംഗത്തിനിരയായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാജ്യത്തുടനീളം പ്രതിദിനം 12 സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടുന്നു. നിലവിൽ, റിപ്പോർട്ടിൽ പറയുന്ന കണക്കുകളെക്കാൾ പാകിസ്താനിൽ സ്ത്രീകൾ ദുരിതം അനുഭവിക്കുന്നുണ്ട്. വലിയ ഒരു ശതമാനം സ്ത്രീകൾക്കും ഭയം കൊണ്ടും ചുറ്റുമുള്ളവരുടെ സ്വാധീനത്താലും തങ്ങൾക്കുണ്ടായ കുറ്റകൃത്യങ്ങൾ മറച്ചു വെയ്‌ക്കേണ്ടി വരാറുണ്ടെന്നും ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് വ്യക്തമാക്കുന്നു.
2017-ൽ 3,327 ബലാത്സംഗ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ഇത് 2018-ൽ 4,456 കേസുകളായും 2019-ൽ 4,573 കേസുകളായും ഉയർന്നു. 2020-ൽ 4,478 കേസുകളായി കുറഞ്ഞുവെങ്കിലും 2021-ൽ ഇത് 5,169 കേസുകളായി ഉയർന്നിട്ടുണ്ട്. 2022-ൽ രാജ്യത്തുടനീളം 305 ബലാത്സംഗ കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. മെയ്, ജൂൺ (91), ജൂലൈ (86), ഓഗസ്റ്റ് (71) നിലിവിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എന്നാൽ ആദ്യ നാല് മാസത്തെ കണക്കുകൾ ഇതുവരെ പുറത്തു വന്നിട്ടില്ല. 2022ൽ, സ്ത്രീകൾക്കെതിരായ ലൈംഗികാതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1,301 കേസുകൾ പാകിസ്താനിലെ 44 കോടതികളിലായി പരിഗണിച്ചിട്ടുണ്ട്.
















Comments