വീണ്ടും മിസൈൽ പരീക്ഷണവുമായി കിം ജോംഗ് ഉൻ; കൊറിയൻ അതിർത്തിയിൽ യുദ്ധ വിമാനങ്ങൾ; പരിഭ്രാന്തി

Published by
Janam Web Desk

സോൾ : അയൽ രാജ്യങ്ങൾക്ക് നേരെ വീണ്ടും മിസൈൽ തൊടുത്ത് ഉത്തര കൊറിയ. തീരമേഖലയിലേക്ക് ബാലിസ്റ്റിക് മിസൈലുകൾ അയച്ച് പ്രകോപനം സൃഷ്ടിക്കുന്നതായി ദക്ഷിണ കൊറിയൻ സൈന്യം അറിയിച്ചു. കൊറിയൻ അതിർത്തിയിലേക്ക് യുദ്ധ വിമാനങ്ങളെയും അയച്ചതായാണ് റിപ്പോർട്ട്. ജപ്പാൻ പ്രധാനമന്ത്രിയും പ്രതിരോധ മന്ത്രാലയവും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

ഉത്തര കൊറിയയുടെ ആണവ ശേഷി വികസിപ്പിക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് എന്നാണ് റിപ്പോർട്ട്. ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ തന്നെയാണ് ഇതിന് നേതൃത്വം വഹിക്കുന്നത്. ദക്ഷിണ കൊറിയയുടെ അതിർത്തിയിലേക്ക് ഉത്തര കൊറിയൻ യുദ്ധവിമാനങ്ങൾ എത്തിയെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തര കൊറിയൻ യുദ്ധ വിമാനങ്ങളെ എഫ് -35എ ജെറ്റുകളും മറ്റ് യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ദക്ഷിണ കൊറിയ ചെറുത്തതായാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്.

ദിവസങ്ങൾക്ക് മുൻപ് ജപ്പാന് നേരെയും ഉത്തര കൊറിയ മിസൈൽ തൊടുത്തിരുന്നു. അത് കടലിലാണ് പതിച്ചതെങ്കിലും മിസൈൽ വിക്ഷേപണം രാജ്യത്തെ പരിഭ്രാന്തിയിലാക്കി. ഉത്തര കൊറിയ ആണവ സജ്ജമാണെന്ന് മറ്റ് രാജ്യങ്ങളെ അറിയിക്കാനുള്ള നീക്കങ്ങളാണ് കിം നടത്തുന്നത്. ഇതിലൂടെ മറ്റ് രാജ്യങ്ങളെ സമ്മർദ്ദത്തിലാക്കുകയാണ് കിമ്മിന്റെ ലക്ഷ്യം.

Share
Leave a Comment