പത്തനംതിട്ട : ഇലന്തൂരിലെ ആഭിചാര കൊലയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവരുന്നതിനിടെയാണ് മറ്റ് വെളിപ്പെടുത്തലുകളുമായി നാട്ടുകാർ രംഗത്തെത്തുന്നത്. നാട്ടുകാരിയായ സുമയെ ലൈല ഒരിക്കൽ വീട്ടിലേക്ക് ഭക്ഷണം കഴിക്കാൻ വിളിച്ചുവെന്നും എന്നാൽ അസ്വാഭാവികത തോന്നിയതോടെ അത് നിരസിക്കുകയായിരുന്നുവെന്നും സുമ പറഞ്ഞു. സംഭവം കഴിഞ്ഞ് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പത്മ മരിക്കുന്നത്. ഇപ്പോൾ കുറ്റവാളികളുടെ കൈയ്യിൽ നിന്ന് തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടതിന്റെ ആശ്വാസത്തിലാണ് സുമ.
അടൂർ മഹാത്മാ ജനസേവന കേന്ദ്രത്തിലെ കളക്ഷൻ ജീവനക്കാരിയാണ് ഇടപ്പോൺ ചരുവിൽ വീട്ടിൽ എസ്. സുമ. സെപ്റ്റംബർ 10 ന് ഭഗവൽ സിംഗിന്റെ വീടിന് മുന്നിലൂടെ സുമ നടന്നുവരുന്നതിനിടെയായിരുന്നു സംഭവം. ഉച്ച നേരമായിരുന്നു, റോഡിൽ ആരും ഉണ്ടായിരുന്നില്ല. ഭഗവൽ സിംഗിന്റെ വീടിന് മുന്നിലെ കാവ് കണ്ട് അവിടേയ്‌ക്ക് നോക്കിയപ്പോഴാണ് ലൈല തന്നെ വിളിക്കുന്നത്.
ഭക്ഷണം കഴിച്ചോയെന്ന് ചോദിച്ചു. ഇല്ല വീട്ടിൽ പോയിട്ട് വേണം കഴിക്കാനെന്ന് പറഞ്ഞതോടെ, വീട്ടിൽ വന്ന് കഴിക്കാൻ ലൈല നിർബന്ധിച്ചു. വേണ്ടെന്ന് സുമ പറഞ്ഞെങ്കിലും ലൈല വീണ്ടും നിർബന്ധിക്കുകയായിരുന്നു. വീട്ടിൽ കയറി കുറച്ച് വെള്ളമെങ്കിലും കുടിച്ചിട്ട് പോകാം എന്നായി. എന്നാൽ പരിചയമില്ലാത്ത ഒരാളുടെ അസാധാരണമായ പെരുമാറ്റം കണ്ട് സുമയ്‌ക്ക് പന്തികേട് തോന്നി. ഇതോടെ എത്രയും വേഗം അവിടെ നിന്ന് പോകാൻ തീരുമാനിച്ചു. ജനസേവന കേന്ദ്രത്തിലേക്ക് 60 രൂപ സംഭാവന സ്വീകരിച്ച് സുമ അവിടെ നിന്നിറങ്ങി.
ഇവർ സംസാരിക്കുന്നതിനിടെ ഭഗവൽ സിംഗ് വന്ന് എത്തിനോക്കിയിരുന്നു എന്നും സുമ പറയുന്നു. ഷാഫിയുടെ നിർദ്ദേശത്തെ തുടർന്ന് ബലി കൊടുക്കാനുള്ള അടുത്ത സ്ത്രീയ തിരഞ്ഞ് നടക്കുകയായിരുന്നു അവരെന്ന് പിന്നീടാണ് സുമയ്‌ക്ക് മനസിലായത്. സുമയെ കണ്ട് രണ്ടാഴ്ചയ്‌ക്ക് ശേഷമാണ് പത്മ കൊല്ലപ്പെട്ടത്.
Comments