ഗുവാഹട്ടി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ്മയുടെ സുരക്ഷ വർദ്ധിപ്പിച്ച് കേന്ദ്ര സർക്കാർ. അദ്ദേഹത്തിന്റെ സുരക്ഷ സെഡ് പ്ലസ് കാറ്റഗറിയിലേക്കാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉയർത്തിയത്. വർദ്ധിച്ചുവരുന്ന ഭീഷണികൾ കണക്കിലെടുത്താണ് കേന്ദ്രസർക്കാർ തീരുമാനം.
അദ്ദേഹത്തിന്റെ സുരക്ഷാ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം യോഗം ചേർന്നിരുന്നു. ഇതിന് ശേഷമാണ് സുരക്ഷ വർദ്ധിപ്പിക്കാൻ തീരുമാനിച്ചത്. ഇതുവരെ സെഡ് സുരക്ഷയായിരുന്നു അദ്ദേഹത്തിന് ലഭിച്ചിരുന്നത്. സംസ്ഥാനത്തിന് അകത്ത് മാത്രമായിരുന്നു അദ്ദേഹത്തിന് കേന്ദ്ര സുരക്ഷ ലഭിച്ചിരുന്നത്. എന്നാൽ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ അദ്ദേഹത്തിന് രാജ്യത്ത് എല്ലായിടത്തും ലഭിക്കും. ഇനി മുതൽ 50 സിആർപിഎഫ് കമാൻഡോകളാകും ഹിമന്ത ബിശ്വശർമ്മയുടെ സുരക്ഷാ കാര്യങ്ങൾ നിർവ്വഹിക്കുക.
2017 മുതലാണ് അദ്ദേഹത്തിന് സെഡ് കാറ്റഗറി സുരക്ഷ ലഭിച്ചത്. മുഖ്യമന്ത്രിയായ ശേഷം ഭൂ-ലഹരി മാഫിയകൾക്കെതിരെ എടുത്ത കടുത്ത നടപടികൾ അദ്ദേഹത്തിന് മതതീവ്രവാദികളിൽ നിന്നുള്ള ഭീഷണിയ്ക്ക് കാരണമായിട്ടുണ്ട്.
Comments