കാബൂൾ: അദ്ധ്യാപകരെയും വിദ്യാർത്ഥികളെയും ശരിയത്ത് നിയമം പാലിക്കണം എന്ന കരാറിൽ ഭീഷണിപ്പെടുത്തി ഒപ്പിടീപ്പിച്ച് താലിബാൻ. കാണ്ഡഹാർ പ്രവിശ്യയിലെ പുരുഷ അദ്ധ്യാപകരോടും ഹൈസ്‌കൂൾ വിദ്യാർത്ഥികളോടുമാണ് ശരിയത്ത് നിയമം പാലിക്കുമെന്ന് രേഖാമൂലം പ്രതിജ്ഞ ചെയ്യാൻ താലിബാൻ ആവശ്യപ്പെട്ടിരിക്കുന്നത്. താടി വളർത്തുക, തലപ്പാവോ തൊപ്പിയോ ധരിക്കുക, അഫ്ഗാനിസ്ഥാന്റെ ഗ്രാമങ്ങളിൽ സാധാരണമായി ഉപയോഗിക്കുന്ന വസ്ത്രം ധരിക്കുക എന്നിങ്ങനെ നീളുന്നു പുരുഷന്മാർക്ക് തലിബാൻ നൽകുന്ന കർശന നിർദ്ദേശങ്ങൾ. പ്രതിജ്ഞയിൽ ഒപ്പിടാത്തവർക്കും ശരിയത്ത് നിയമം പാലിക്കാത്തവർക്കും ശിക്ഷകൾ നൽകും.
പ്രതിജ്ഞയിൽ ഒപ്പിടാത്ത വിദ്യാർഥികളെയും അദ്ധ്യാപകരെയും സ്‌കൂളിൽ നിന്നും പുറത്താക്കുകയാണ്. പുരുഷ അദ്ധ്യാപകരും ഒമ്പതാം ക്ലാസിനു മുകളിലുള്ള വിദ്യാർത്ഥികളും പ്രതിജ്ഞയിൽ ഒപ്പിടണമെന്ന ഉത്തരവ് വ്യാപക വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇത് യുക്തിരഹിതമായ നടപടിയാണെന്നും ശക്തമായി എതിർക്കണമെന്നും കാണ്ഡഹാറിലെ ഹൈസ്കൂൾ വിദ്യാർത്ഥികൾ പറയുന്നു. പേര് വെളിപ്പെടുത്തിയാൽ തങ്ങൾക്കെതിരെ പ്രതികാര നടപടി ഉണ്ടാകുമെന്നും അവർ ഭയക്കുന്നു. സ്വാതന്ത്ര്യത്തെ തടയുന്നത് താലിബാൻ അവസാനിപ്പിക്കണമെന്നും ജനങ്ങൾ പ്രതികരിച്ചു.
പൊതുസ്ഥലങ്ങളിൽ സ്ത്രീകളെ വിലക്കിയതും അവർക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതുമായ താലിബാന്റെ നടപടികളെ ലോകരാജ്യങ്ങൾ എല്ലാംതന്നെ വിമർശിച്ചിരുന്നു. 2021 ഓഗസ്റ്റിൽ അഫ്ഗാനിസ്ഥാന്റെ ഭരണം പിടിച്ചെടുത്തതിനുശേഷം ജനങ്ങൾക്കുമേൽ പല നിയന്ത്രണങ്ങളും താലിബാൻ നടപ്പാക്കിയിരുന്നു. സ്വന്തം ഇഷ്ടത്തിനനുസരിച്ച് വസ്ത്രം ധരിക്കുന്നത് വിലക്കി. സ്ത്രീകളെ വലിയ തോതിൽ ജോലിയിൽ നിന്നും പിരിച്ചു വിട്ടു. പാശ്ചാത്യ ശൈലിയിലുള്ള വസ്ത്രങ്ങളും മുടിവെട്ടലും പലയിടങ്ങളിലും നിരോധിച്ചു. സ്‌കൂളുകൾ, സർവ്വകലാശാലകൾ, ആശുപത്രികൾ, സർക്കാർ ഓഫീസുകൾ, പൊതുഗതാഗതം എന്നിവിടങ്ങളിലെല്ലാം ലിംഗവിവേചനം നടപ്പാക്കി.
















Comments