മുല്ലമാർ നാട് വിടണം; ഞങ്ങൾക്ക് സ്വാതന്ത്ര്യമാണ് ആവശ്യം; ഇറാനിൽ ഹിജാബ് ഊരി പ്രതിഷേധിച്ച് സ്ത്രീകൾ

Published by
Janam Web Desk

ടെഹ്‌റാൻ : ഇറാനിൽ ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തെയും മതപുരോഹിതന്മാരെയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് തെരുവിൽ ഇറങ്ങിയാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. 22 കാരിയ മഹ്‌സ അമിനിയെ ഹിജാബ് നിയമം ലംഘിച്ചതിന് സദാചാര പോലീസ് അതിക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഹിജാബ് ഊരിയും മുടി മുറിച്ചും പ്രതിഷേധവുമായി വനിതകൾ രംഗത്തെത്തിയത്.

രാജ്യത്തെ യുവതികളും പെൺകുട്ടികളുമാണ് ഈ പ്രതിഷേധത്തെ മുന്നിൽ നിന്ന് നയിക്കുന്നത്. മുല്ലമാർ ഈ രാജ്യത്തിന് ആവശ്യമില്ലെന്നും മതപുരോഹിതന്മാർ രാജ്യം വിടണമെന്നും ഇവർ പറയുന്നു. തോക്കുകളും ടാങ്കുകളും സ്‌ഫോടക വസ്തുക്കളും രാജ്യത്ത് ഇനി വേണ്ടെന്ന മുദ്രാവാക്യങ്ങളും ഉയർത്തുന്നുണ്ട്. ഹിജാബ് ധരിക്കാതെയാണ് പ്രതിഷേധം.

ജനങ്ങളുടെ വ്യാപക പ്രതിഷേധത്തെ തുടർന്ന് ഇറാൻ ഭരണകൂടം രാജ്യത്തെ വിവിധ ഭാഗങ്ങളിൽ ഇന്റർനെറ്റ് വിച്ഛേദിച്ചിരിക്കുകയാണ്. എന്നാൽ പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്. മഹ്‌സ അമിനിയുടെ പ്രദേശത്തെ ആളുകൾ കടയടച്ച് പ്രതിഷേധം അറിയിച്ചു. സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെയും ഇവർ ആക്രമണം നടത്തുന്നുണ്ട്.

അതിനിടെ പ്രതിഷേധക്കാരെ സദാചാര പോലീസ് പിടികൂടി കൊണ്ടുപോയി മർദ്ദിച്ച് കൊലപ്പെടുത്തുന്നുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. ഇത്തരത്തിൽ നൂറ് കണക്കിന് ആളുകൾ ഇതിനോടകം കൊല്ലപ്പെട്ടതായാണ് വിവരം.

Share
Leave a Comment