ലക്‌നൗ : മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷിയാണ് ബിജെപിയെന്ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി ബ്രിജേഷ് പഥക്. മറ്റ് പാർട്ടികൾ മുസ്ലീങ്ങളെ വോട്ട് ബാങ്കായി ഉപയോഗിക്കുമ്പോൾ ബിജെപി മാത്രമാണ് അവരുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു. പസ്മണ്ട മുസ്ലീങ്ങൾ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മതേതര പാർട്ടികൾ എന്ന് അവകാശപ്പെടുന്നവർ വോട്ട് ചോദിച്ചെത്തുമ്പോൾ മാത്രമാണ് മുസ്ലീങ്ങളെ ചേർത്തുപിടിക്കുന്നത്. ഈ പാർട്ടികൾ വോട്ട് വാങ്ങി അധികാരത്തിൽ വന്നെങ്കിലും മുസ്ലീം സമുദായക്കാർക്ക് അവരുടെ അവകാശങ്ങൾ പോലും ലഭിച്ചിട്ടില്ല. ഇന്നും അവർ പിന്നോക്കം നിൽക്കുന്നതിന് കാരണം അത് തന്നെയാണ്.
മുസ്ലീങ്ങളുടെ യഥാർത്ഥ അഭ്യുദയകാംക്ഷി ബിജെപിയാണ്. അവരെ മുഖ്യധാരയിലേക്ക് കൊണ്ടുവരാൻ പാർട്ടി അർത്ഥവത്തായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിനായി മുസ്ലീം സമൂഹത്തിന് പ്രയോജനം ചെയ്യുന്ന നിരവധി പദ്ധതികൾ സർക്കാർ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലീങ്ങളെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്ന ഏതെങ്കിലും പാർട്ടിയുണ്ടെങ്കിൽ അത് ബിജെപിയാണെന്ന് സംസ്ഥാനത്തെ ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡാനിഷ് ആസാദ് അൻസാരി പറഞ്ഞു. മുസ്ലീങ്ങളുടെ വിദ്യാഭ്യാസം, സുരക്ഷ, പുരോഗതി എന്നിവയെക്കുറിച്ച് ബിജെപി ആശങ്കപ്പെടുന്നത് പോലെ മറ്റൊരു പാർട്ടിയും ആശങ്കപ്പെട്ടിട്ടില്ല. ഗുണനിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കാൻ അനുവദിക്കാത്തതാണ് മുസ്ലീങ്ങളുടെ ഈ അവസ്ഥയ്‌ക്ക് കാരണം.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും നേതൃത്വത്തിലുള്ള ബിജെപി സർക്കാരുകൾ അവർക്ക് ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സർക്കാർ നടപ്പാക്കുന്ന പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്തി മുസ്ലീം സമുദായം മുന്നോട്ട് പോകേണ്ടത് അത്യാവശ്യമാണെന്ന് ബിജെപി രാജ്യസഭാംഗം ഗുലാം അലി പറഞ്ഞു. മറ്റ് പാർട്ടികൾ ഇതുവരെ ബിജെപിയെ ഭയന്ന് തങ്ങളുടെ രാഷ്‌ട്രീയ താൽപര്യങ്ങൾ നിറവേറ്റുകയല്ലാതെ മറ്റൊന്നും ചെയ്തിട്ടില്ല. ആരാണ് തങ്ങളുടെ നന്മയ്‌ക്കായി പ്രവർത്തിക്കുന്നതെന്നും ആരാണ് തങ്ങളെ ഉപയോഗിച്ചതെന്നും മുസ്ലീങ്ങൾ മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു.
Comments