ശ്രീനഗർ: ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് കശ്മീരിലെ കൊലപാതകങ്ങൾക്ക് കാരണമെന്ന് നാഷണൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുള്ള. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ പുരൺ കൃഷൻ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് നാഷണൽ കോൺഫറൻസ് നേതാവിന്റെ പ്രതികരണം. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അനീതിയാണെന്നും ഇതിന്റെ ഭാഗമായാണ് ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ നടക്കുന്നതെന്നുമാണ് ഫാറൂഖ് അബ്ദുള്ളയുടെ അവകാശവാദം.
‘നീതി ലഭിക്കുന്നത് വരെ കശ്മീരിലെ ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള ആക്രമണം ഒരിക്കലും അവസാനിക്കില്ല. ആർട്ടിക്കിൾ 370 നിലനിൽക്കുന്നതിനാലാണ് ഇത്തരം കൊലപാതകങ്ങൾ നടക്കുന്നതെന്ന് നേരത്തെ അവകാശപ്പെട്ടിരുന്നു. ഇപ്പോൾ അത് റദ്ദാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ് കൊലപാതകങ്ങൾ നിർത്താൻ കഴിയാത്തത്? ആരാണ് ഉത്തരവാദി?’ എന്നാണ് അബ്ദുള്ള പ്രതികരിച്ചത്.
56 കാരനായ പുരൺ കൃഷൻ ഭട്ടിനെ ഷോപ്പിയാനിൽ വച്ച് ഭീകരർ വെടിവെച്ച് കൊന്നതിന് പിന്നാലെയാണ് ആർട്ടിക്കിൾ 370 റദ്ദാക്കിയതാണ് പ്രശ്നമെന്ന് ഫാറൂഖ് അബ്ദുള്ള പ്രതികരിച്ചിരിക്കുന്നത്. ഭീകരാക്രമണത്തിൽ വെടിയേറ്റ കൃഷൻ ഭട്ടിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. കൊലപാതകത്തിന് മണിക്കൂറുകൾക്ക് ശേഷം, ഭീകര സംഘടനയായ കശ്മീർ ഫ്രീഡം ഫൈറ്റേഴ്സ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുകയും ചെയ്തു.
Comments