ശ്രീനഗർ: കശ്മീരി പണ്ഡിറ്റുകളുടെ തുടർച്ചയായ കൊലപാതകത്തിൽ പ്രതിഷേധിച്ച് ശ്രീനഗറിലെ ഹൂറിയത് കോൺഫറൻസ് ഓഫീസിലേക്ക് ഇരച്ചുകയറി നാട്ടുകാർ. തിങ്കളാഴ്ച നടന്ന പ്രതിഷേധത്തിനിടെയാണ് ജനക്കൂട്ടം ഹൂറിയത്തിന്റെ ഓഫീസിലേക്ക് ഇരച്ചുകയറിയത്. പ്രവേശന ഗേറ്റിന് മുകളിൽ ഹൂറിയത്ത് ഓഫീസ് എന്നെഴുതിയ ബോർഡ് ജനങ്ങൾ എടുത്തുമാറ്റി. ഇരുമ്പുഗേറ്റുകളിൽ ഇന്ത്യ എന്ന് പെയിന്റ് കൊണ്ട് എഴുതി വെയ്‌ക്കുകയും ചെയ്തു.
കശ്മീരി പണ്ഡിറ്റുകളുടെ കൊലപാതകം തുടർക്കഥയായ ശേഷം നടക്കുന്ന ഏറ്റവും വലിയ പ്രതിഷേധത്തിനാണ് കശ്മീർ താഴ് വര സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ആഴ്ചയും ഷോപ്പിയാനിൽ പുരൻ ക്രിഷാൻ ഭട്ട് എന്ന കശ്മീരി പണ്ഡിറ്റ് കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പഴവർഗങ്ങൾ കൃഷി ചെയ്ത് ഉപജീവനം നടത്തിയിരുന്ന ഭട്ടിനെ ഷോപ്പിയാനിലെ ചൗധരി ഗുണ്ട് മേഖലയിലെ വീടിന് സമീപം വെച്ച് അക്രമികൾ ശനിയാഴ്ച കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിന്റെ ഉത്തരവാദിത്വം കശ്മീർ ഫ്രീഡം ഫൈറ്റർ എന്ന പേരിലുളള ഒരു സംഘടന ഏറ്റെടുത്തിരുന്നു. ഭീകരസംഘടനയുടെ നിഴൽപ്രസ്ഥാനമാണ് ഇവരെന്ന് നാട്ടുകാർ ആരോപിക്കുന്നു. സർക്കാർ ജീവനക്കാർ ഉൾപ്പെടെയുളള പണ്ഡിറ്റുകളെ ലക്ഷ്യമിടുന്ന അക്രമങ്ങൾ അവസാനിപ്പിക്കണമെന്നും ഭീഷണി നേരിടുന്നവരെ മാറ്റിപ്പാർപ്പിക്കണമെന്നും ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് ഹൂറിയത് കോൺഫറൻസിന്റെ ഓഫീസിന് നേർക്കും പ്രതിഷേധമുണ്ടായത്.
2020 ന് ശേഷം കശ്മീരിൽ കൊല്ലപ്പെടുന്ന ഏഴാമത്തെ പണ്ഡിറ്റാണ് പുരാൻ ക്രിഷൻ ഭട്ട്. ഷോപ്പിയാനിൽ മെഴുകുതിരി കത്തിച്ച് പണ്ഡിറ്റ് കുടുംബങ്ങൾ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കെടുത്തിരുന്നു. ശ്രീനഗർ, ബന്ദിപ്പോര, ബാരാമുളള, ഗന്തർബാൾ, ബുദ്ഗാം ജില്ലകളിലും ലാൽ ചൗക്കിലും സമാനമായ പ്രതിഷേധങ്ങൾ നടന്നു.
നേരത്തെ റവന്യൂ ഡിപ്പാർട്ട്‌മെന്റിൽ ക്ലർക്കായിരുന്ന രാഹുൽ ഭട്ട് എന്ന പണ്ഡിറ്റിനെ കൊലപ്പെടുത്തിയതോടെ ഇതിനെതിരെ ശക്തമായ പ്രതിഷേധങ്ങൾ നടന്നുവരികയായിരുന്നു.
Comments