അമൃത്സർ: അതിർത്തിയിൽ വീണ്ടും ഡ്രോൺ സാന്നിധ്യം. പഞ്ചാബിലെ അമൃത്സർ അതിർത്തി വഴി കടന്ന ഡ്രോൺ സുരക്ഷാ സേന വെടിവെച്ച് വീഴ്‌ത്തി. അമൃത്സറിലെ ചാന ഗ്രാമത്തിൽ പട്രോളിംഗ് നടത്തുകയായിരുന്ന ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് ഡ്രോൺ കണ്ടത്. തുടർന്ന് വെടി വെച്ച് വീഴ്‌ത്തുകയായിരുന്നു. ഡ്രോൺ വഴി 2.5 കിലോയുടെ രണ്ട് പായ്‌ക്കറ്റ് നിരോധിത മയക്കുമരുന്ന് കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് സുരക്ഷാ സേന വെടിവെച്ചത്.
പാക് ഡ്രോണുകളുടെ സാന്നിധ്യം വർദ്ധിക്കുന്നതായി അടുത്തിടെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. ആകെ 191 ഡ്രോണുകളാണ് അതിർത്തി വഴി ഇന്ത്യയിലേക്ക് കടന്നത്. ഇതിൽ 171 എണ്ണം പഞ്ചാബ് അതിർത്തി വഴിയും 20 എണ്ണം ജമ്മു വഴിയുമാണ് എത്തിയത്. ആളില്ലാ വിമാനങ്ങളുടെ സാന്നിധ്യവും അതിർത്തിയിലുണ്ട്. ഇത്തരം അനധികൃത പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി അതിർത്തിയിൽ ബിഎസ്എഫിനെ വിന്യസിച്ചിട്ടുണ്ട്. ഇതുവരെ ഏഴ് പേരെയാണ് ബിഎസ്എഫ് വെടി വെച്ച് കീഴ്‌പ്പെടുത്തിയത്.
പാകിസ്താൻ അതിർത്തിയിലൂടെ സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും മയക്കുമരുന്നും കടത്താനാണ് ഡ്രോണുകൾ ഉപയോഗിക്കുന്നതെന്ന് ബിഎസ്എഫ് വ്യക്തമാക്കി. ഭീകരവാദ പ്രവർത്തനങ്ങൾ നടത്തുന്നതിനായും ഡ്രോണുകളെ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്. ഡ്രോൺ വഴി ഹെറോയിൻ പാക്കറ്റുകൾ ഉപേക്ഷിക്കുന്നുമുണ്ട്. ലഷ്‌കർ-ഇ-ത്വയ്ബയുടെയും ഐഎസിന്റെയും ഭീകരരാണ് ഇതിന് പിന്നിലെന്നാണ് റിപ്പോർട്ട്.
Comments