ഇസ്ലാമാബാദ് : പാകിസ്താനിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷം. പ്രളയത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ നിന്ന് കരകയറുന്നതിനായി വായ്പ ആവശ്യപ്പെടുന്നതായി റിപ്പോർട്ട്. അന്താരാഷ്‌ട്ര നാണ്യ നിധി (ഐഎംഎഫ് ) , ഇന്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ ( ഐഎഫ്‌സി) ഉൾപ്പെടെയുള്ള അന്താരാഷ്‌ട്ര സംഘടനകളോട് ബില്യൺ കണക്കിന് തുക വായ്പ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മൊറട്ടോറിയം പോലുള്ള സഹായങ്ങൾ രാജ്യം ആവശ്യപ്പെടുന്നില്ലെന്നും മറിച്ച് വായ്പയായി പണമാണ് ആവശ്യപ്പെടുന്നതെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് വ്യക്തമാക്കി. ഇത്തരത്തിൽ ലഭിക്കുന്ന തുക പ്രളയം മൂലം തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർ നിർമ്മാണത്തിന് ഉപയോഗപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
രാജ്യത്തെ നിരവധി റോഡുകളും പാലങ്ങളുമാണ് പ്രളയത്തിൽ ഒലിച്ചു പോയത്. ചിലത് തകരുകയും ചെയ്തിരുന്നു. ഇവയുടെ പുനരുദ്ധാരണത്തിന് വലിയ തുക ആവശ്യമാണെന്നും ഷെരിഫ് ചൂണ്ടിക്കാട്ടി. പാകിസ്താൻ ആവശ്യപ്പെടുന്ന തുക എത്രയെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടില്ല. എന്നാൽ പ്രളയത്തിൽ രാജ്യത്തിന് 30 ബില്യൺ ഡോളറിന്റെ നഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. വെള്ളപ്പൊക്കത്തിന് ശേഷം രാജ്യത്ത് ജലജന്യ രോഗങ്ങളും പടർന്ന് പിടിച്ചിട്ടുണ്ട്. പട്ടിണിയും രോഗങ്ങളും പുതിയ അപകടങ്ങൾക്ക് വഴി വെയ്‌ക്കുമെന്ന ആശങ്കയുമുണ്ട്. ഈ സാഹചര്യം കണക്കിലെടുത്ത് ഐക്യരാഷ്‌ട്രസഭ പാകിസ്താന് വേണ്ടിയുള്ള മാനുഷിക സഹായം 160 ദശലക്ഷത്തിൽ നിന്നും 816 ദശലക്ഷമായി ഉയർത്തിയിരുന്നു. അഞ്ചിരട്ടി സഹായമാണ് ഒക്ടോബർ ആദ്യവാരം യുഎൻ നൽകിയത്. വെള്ളപ്പൊക്കത്തിൽ നിന്ന് കരകയറുന്നതതിനായി യൂറോപ്യൻ യൂണിയനും സഹായം 30 യൂറോ ആയി ഉയർത്തിയിരുന്നു.
പാകിസ്താൻ രൂപയുടെ ഇടിവും സാമ്പത്തിക പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇറക്കുമതി ചെലവുകളും മറ്റും വർദ്ധിപ്പിക്കുന്നതിന് ഇത് കാരണമായി. പണപ്പെരുപ്പവും ഏറ്റവും ഉയർന്ന നിലയിലാണ്.പട്ടിണി ഭീഷണിയും പാകിസ്താനെ വലയ്‌ക്കുന്നുണ്ട്. സ്ഥിതിഗതികൾ വളരെ മോശമായി തുടരുന്ന സാഹചര്യത്തിലാണ് രാജ്യം ധനസഹായം ആവശ്യപ്പെടുന്നത്.
Comments