ഇന്ത്യയുടെ പ്രഥമ വനിതാ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയായി വേഷമിടുന്ന ബയോപിക്ക് ചിത്രം എമർജൻസി റിലീസിന് തയ്യാറെടുക്കുമ്പോൾ പുതിയ സിനിമ പ്രഖ്യാപിച്ച് നടി കങ്കണ റണാവത്ത്. മറ്റൊരു ബയോപികുമായാണ് താരം എത്തുന്നത്. ഇന്ത്യൻ ബംഗാളി നടിയായ നോട്ടീ ബിനോദിനി എന്നറിയപ്പെടുന്ന ബിനോദിനി ദാസിയുടെ ജീവചരിത്രം സിനിമയാക്കുകയാണ്. ചിത്രത്തിൽ ബിനോദിനി ദാസിയായി വേഷമിടാൻ താരം ഒരുങ്ങുന്നു എന്നതാണ് പുറത്തു വരുന്ന വാർത്തകൾ. ലൈംഗികത്തൊഴിലാളികളുടെ കുടുംബത്തിലാണ് ബിനോദിനി ദാസി ജനിച്ചത്. 12-ാം വയസ്സിൽ നാടക രംഗത്തേയ്ക്ക് ചുവടു വച്ച ബിനോദിനി, ബംഗാളി നാടകവേദിയിലെ ആദ്യ താരങ്ങളിൽ ഒരാളാണ്. കേവലം 11 വർഷം മാത്രമെ നാടക രംഗത്ത് തിളങ്ങിയുള്ളു എങ്കിലും നാടക രംഗത്ത് സ്ത്രീകൾക്ക് മാതൃകയാകാൻ അവർക്ക് സാധിച്ചു. യൂറോപ്യൻ, തദ്ദേശീയ ശൈലികൾ സമന്വയിപ്പിച്ച് സ്റ്റേജ് മേക്കപ്പിന്റെ ആധുനിക സാങ്കേതിക വിദ്യകൾ അവതരിപ്പിക്കാൻ ബിനോദിനി ദാസിനിയ്ക്ക് കഴിഞ്ഞിരുന്നു.
പ്രദീപ് സർക്കാർ ആണ് ബയോപിക് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന പ്രകാശ് കപാഡിയയാണ്. പരിനീത , മർദാനി തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്ത വ്യക്തിയാണ് പ്രദീപ് സർക്കാർ. “ഞാൻ പ്രദീപ് സർക്കാറിന്റെ വലിയ ആരാധികയാണ്. ഇങ്ങനെയൊരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. കൂടാതെ, പ്രകാശ് കപാഡിയയുമായുള്ള എന്റെ ആദ്യ സഹകരണമാണ് ഈ ചിത്രം. ഇതിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ ത്രില്ലിലാണ്. ഈ രാജ്യത്തെ ഏറ്റവും മികച്ച കലാകാരന്മാർക്കൊപ്പമുള്ള ശ്രദ്ധേയമായ യാത്ര” എന്നാണ് ചിത്രത്തെപ്പറ്റി മാദ്ധ്യമങ്ങളോട് കങ്കണ പ്രതികരിച്ചത്.
നടിയും തമിഴ്നാട് മുഖ്യമന്ത്രിയുമായിരുന്ന ജയലളിതയുടെ ജീവചരിത്രം പറഞ്ഞ തലൈവി, ഭാരതത്തിന്റെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ വിപ്ലവ നായികയായ ഝാൻസി റാണിയുടെ ചരിത്രം പറയുന്ന മണികർണിക, പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ കഥ പറയുന്ന എമർജൻസി എന്നീ ചിത്രങ്ങൾക്ക് ശേഷം മറ്റൊരു ബയോപിക് സമ്മാനിക്കാനൊരുങ്ങുകയാണ് കങ്കണ റണാവത്ത്. 1975-77 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കിയാണ് കങ്കണ റണാവത് എമർജൻസി സംവിധാനം ചെയ്യുന്നത്. ഇതിനോടകം തന്നെ ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും ജനശ്രദ്ധയാകർഷിച്ച് കഴിഞ്ഞിട്ടുണ്ട്. കങ്കണയുടെ മികച്ച പ്രകടനം ചിത്രത്തിൽ കാണാമെന്ന് വിലയിരുത്തപ്പെടുന്നു.
Comments