35 അടി വലിപ്പത്തിൽ 10 ചക്രങ്ങളുമായി ‘ദാബിയാൻ’; ലോകത്തിലെ ഏറ്റവും വലിയ എസ്‌യുവി കണ്ട് അമ്പരന്ന് വാഹന പ്രേമികൾ – World’s Biggest SUV

Published by
Janam Web Desk

35 അടി വലിപ്പവും പത്ത് വീലുകളുമുള്ള ‘ദാബിയാനാണ്’ യുഎഇയിലെ ഏറ്റവും പുതിയ വിശേഷം. ഭീമാകാരമായ രൂപമാണ് ദാബിയാന്റെ പ്രത്യേകത. ഇതിനോടകം തന്നെ നിരവധി പേരെ ആകർഷിച്ച ദാബിയാൻ ആരാധകരെയും വിമർശകരെയും ഒരേസമയം നേടിയാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്.

മരുഭൂമിയിലെ കപ്പലെന്നും യാതൊരു ഉപകാരവുമില്ലാത്ത പ്രാന്തൻ വാഹനമെന്നുമെല്ലാം ദാബിയാനെ ആളുകൾ വിശേഷിപ്പിക്കുകയാണ്. മറ്റ് ചിലരുടെ വീക്ഷണത്തിൽ ദാബിയാൻ എന്നത് അമിതമായി ഡിസൈൻ ചെയ്ത് പുറത്തിറക്കിയ വാഹനം മാത്രമാണ്. എന്നാൽ ചിലർ ദാബിയാനെ കണക്കാക്കുന്നത് ലോകത്തിലെ തന്നെ ഒരു മാസ്റ്റർപീസായാണ്. നിരർത്ഥകമായ സൃഷ്ടി മാത്രമാണ് ഈ വാഹനമെന്നും ദാബിയാനെ വിശേഷിപ്പിക്കുന്നവരുണ്ട്. എന്നാൽ ആരാധകരും വിമർശകരും ഒരു പോലെ അംഗീകരിക്കുന്ന ഒരു വസ്തുതയുണ്ട്. ലോകത്തിലെ തന്നെ ഏറ്റവും വലിയ എസ്‌യുവിയാണ് ദാബിയാൻ. ഇക്കാര്യത്തിൽ ആർക്കും തന്നെ തർക്കമില്ല. ദാബിയാന്റെ ഓഫ്-റോഡ് കേപ്പബിളിറ്റിയോട് മുട്ടാൻ മറ്റൊരു വാഹനത്തിനുമാകില്ലെന്നതും ദാബിയാന്റെ മാത്രം പ്രത്യേകതയാണ്.

യുഎഇയിലെ പൂഴിമണലിൽ നിന്ന് തന്നെ പൊന്തിവന്ന ഒരു സംഭവമൊന്നുമല്ല ദാബിയാൻ എന്നാണ് വിമർശകർക്ക് ആരാധകർ നൽകുന്ന മറുപടി. മിടുക്കൻമാരായ നിരവധി എഞ്ചിനീയർമാരുടെ അധ്വാനത്തിന്റെ ഫലം കൂടിയാണ് ദാബിയാൻ. യുഎഇ ഷെയ്ഖായ ഹമദിന്റെ സ്വന്തം രൂപകൽപനയാണ് ഒടുവിൽ ദാബിയാനായി മാറിയത്. അദ്ദേഹത്തിന്റെ മനസിൽ ഉരുത്തിരിഞ്ഞുവന്ന ഡിസൈനുകളെ വിദഗ്ധരായ എഞ്ചിനീയർമാർ ചേർന്ന് പണിതെടുത്തപ്പോൾ ദാബിയാൻ ഉടലെടുത്തു. ജീപ്പ് റാംഗ്ലർ, ഡോഡ്ജ് ഡാർട്ട്, ഫോർഡ് സൂപ്പർ ഡ്യൂട്ടി, ഓഷ്‌കോഷ് എം1075 മിലിട്ടറി ട്രക്ക് എന്നീ വാഹനങ്ങളുടെ രൂപകൽപനകളെ കോർത്തിണക്കിയതാണ് ദാബിയാന്റെ ഡിസൈൻ.

600 ഹോഴ്‌സ്പവറുള്ള ഓഷ്‌കോഷിന്റെ അതേ ശക്തിയാണ് ദാബിയാന്റെ എഞ്ചിനുമുള്ളത്. ജീപ്പ് റാംഗ്ലറിന് സമാനമായ ഡ്രൈവേഴ്‌സ് സീറ്റും ഡോഡ്ജ് ഡാർട്ടിന്റെ പിൻഭാഗവും ദാബിയാന് നൽകി. മുൻവശവും ഹെഡ്‌ലൈറ്റുകളും മറ്റ് മോഡിഫിക്കേഷനുമെല്ലാം ഫോർഡ് സൂപ്പർ ഡ്യൂട്ടിയുടേതിന് സമാനമായി ദാബിയാനിൽ ആവിഷ്‌കരിച്ചു. വർക്കിംഗ് കാർ എന്നതിനേക്കാൾ ഒരു കോൺസെപ്റ്റ് കാറാണ് ദാബിയാൻ. റോഡിൽ തിളങ്ങിയതിനേക്കാൾ മ്യൂസിയത്തിലും മോട്ടോർ ഷോകളിലുമാണ് ദാബിയാൻ ഇടംപിടിച്ചതെന്നുമാത്രം.

വാഹന നിർമാണ മേഖലയിൽ ഏറെ പേരും പ്രശസ്തിയും നേടിയ രാജ്യമാണ് യുഎഇ. സറൂഖിന്റെ 518 ഹോഴ്‌സ്പവറുള്ള സാൻഡ്രാസർ ലക്ഷ്വറി ഡ്യൂൺ ബഗ്ഗി മുതൽ ആദ്യത്തെ സൗരോർജ്ജ കാർ വരെ യുഎഇ എന്ന രാജ്യത്തെ പ്രതിനിധീകരിക്കുന്ന വാഹനങ്ങളാണ്. യുഎഇ ഷെയ്ഖായ ഹമദ് ബിൻ ഹംദാൻ അൽ നഹ്യാൻ റെയിൻബോ ഷെയ്ഖ് എന്ന് പോലും അറിയപ്പെടുന്നതിന് കാരണവും ഇതൊക്കെ തന്നെയാണ്. മെഴ്സിഡസ് എസ്-ക്ലാസിന്റെ ബഹുവർണങ്ങളിലുള്ള എല്ലാ വാഹനങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ടെന്നാണ് പറയപ്പെടുന്നത്. ഇപ്പോൾ ദാബിയാൻ കൂടി വന്നതോടെ വാഹന നിർമാണ മേഖലയിൽ യുഎഇ മാറ്റുരയ്‌ക്കുകയാണ്.

 

Share
Leave a Comment