ന്യൂഡൽഹി: പ്രായപൂർത്തിയാകാത്ത മുസ്ലീം പെൺകുട്ടിയെ വിവാഹം കഴിക്കാൻ അനുവദിച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതിയുടെ ഉത്തരവ് പുന:പരിശോധിക്കാനൊരുങ്ങി സുപ്രീംകോടതി. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സമർപ്പിച്ച ഹർജിയിന്മേലാണ് തീരുമാനം. വിവാഹത്തിന് സമ്മതം നൽകുന്നത് പോക്സോ നിയമത്തിലെ വ്യവസ്ഥകളുടെ ലംഘനമാണെന്ന് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തെ കൗമാര ഗർഭധാരണക്കാരുടെ എണ്ണം വർധിക്കുന്നത് സംബന്ധിച്ചുള്ള വിവരങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
2019-21 വർഷത്തെ നാഷണൽ ഫാമിലി ഹെൽത്ത് സർവേ-വി പ്രകാരം 20-24 പ്രായത്തിലുള്ള 23.3 ശതമാനം പേരും 18 വയസ്സ് തികയുന്നതിന് മുമ്പ് വിവാഹിതരായവരാണ്. ഒരു ദിവസം 34 എന്ന കണക്കിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികൾ തട്ടിക്കൊണ്ടുപോകപ്പെടുന്നുണ്ടെന്നും, വിവാഹിതരാകാൻ നിർബന്ധിക്കപ്പെടുന്നുണ്ടെന്നും സർവ്വേയിൽ പറയുന്നു.
കൗമാര ഗർഭധാരണത്തിന്റെ തോത് ഏഴ് ശതമാനമാണ്. മുസ്ലീം വിഭാഗത്തിന്റെ ഇടയിലാണ് ഇതിന്റെ അനുപാതം കൂടുതൽ. 15നും 19നും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെയാണ് കൗമാര ഗർഭധാരണത്തിന്റെ പരിധിയിൽ പെടുത്തിയിരിക്കുന്നത്. മുസ്ലീങ്ങൾക്കിടയിൽ ഇത് 8.4 ശതമാനവും, ക്രിസ്ത്യാനികൾക്കിടയിൽ 6.8 ശതമാനവും ഹിന്ദുക്കൾക്കിടയിൽ 6.5 ശതമാനവുമാണ് ഇതിന്റെ തോത്. മുസ്ലീങ്ങൾക്കിടയിൽ ഗർഭ നിരോധന ഉറകൾ ഉപയോഗിക്കുന്നവരുടെ എണ്ണം കുറവാണെന്നും സർവ്വേ ചൂണ്ടിക്കാണിക്കുന്നു.
ഹിന്ദുക്കൾക്കിടയിൽ ശൈശവ വിവാഹ നിരോധന നിയമപ്രകാരം കൗമാരവിവാഹങ്ങൾ നിയന്ത്രിക്കപ്പെടുന്നുണ്ടെങ്കിലും, വ്യക്തിനിയമങ്ങൾ പിന്തുടരുന്നതിനാൽ മുസ്ലീങ്ങൾക്ക് ഇത് പലപ്പോഴും ബാധകമാകാറില്ല. അതുകൊണ്ട് തന്നെ പ്രായപൂർത്തിയാകാത്ത എല്ലാവരുടേയും ക്ഷേമം ഒരു നിയമത്തിന് കീഴിൽ കൊണ്ടുവരാനാണ് പോക്സോ എന്നതിലൂടെ എൻസിപിസിആർ ശ്രമിക്കുന്നതെന്നും അധികൃതർ പറയുന്നു.
ഗ്രാമപ്രദേശങ്ങളിലും വിദ്യാഭ്യാസവും സാമ്പത്തികവും കുറഞ്ഞ ആളുകൾക്കിടയിലാണ് കൗമാര ഗർഭധാരണം കൂടുതലായി കണ്ടു വരുന്നത്. ഇത്തരം മേഖലകളിൽ 15നും 19നും ഇടയിൽ പ്രായമുള്ള 53 ശതമാനം പേരും കുട്ടികളെ പ്രസവിച്ചവരാണ്. ത്രിപുര(22%), പശ്ചിമ ബംഗാൾ(16%), ആന്ധ്രാപ്രദേശ്(13%), അസം(12%), ബിഹാർ (11%), ജാർഖണ്ഡ് (10%) എന്നിവിടങ്ങളിലാണ് കൗമാര ഗർഭധാരക്കാരുടെ തോത് കൂടുതൽ. 2016നും 2021നും ഇടയിൽ ഏറ്റവും കൂടുതൽ ശൈശവ വിവാഹ കേസുകൾ റിപ്പോർട്ട് ചെയ്തത് കർണാടക(757), അസം(577), തമിഴ്നാട്(469), പശ്ചിമ ബംഗാൾ(431) എന്നീ സംസ്ഥാനങ്ങളിലാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
Comments