ന്യൂഡൽഹി: പാകിസ്താന്റെ ഭീഷണികൾക്ക് ചുട്ടമറുപടിയുമായി കേന്ദ്ര കായികമന്ത്രി അനുരാഗ് ഠാക്കൂർ. 2023 ലെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കുമെന്നും എല്ലാ വമ്പൻ ടീമുകളും പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. പാകിസ്താനിൽ നടക്കുന്ന ഏഷ്യ കപ്പിൽ ഇന്ത്യ പങ്കെടുക്കില്ലെന്നും വേദി മാറ്റണമെന്നും ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ഇന്ത്യ ലോകകപ്പിൽ പങ്കെടുത്തില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ലോകകപ്പിൽ പങ്കെടുക്കില്ലെന്ന് പാകിസ്താൻ ഭീഷണി മുഴക്കിയത്.
അടുത്തവർഷത്തെ ഏകദിന ലോകകപ്പ് ഇന്ത്യയിൽ തന്നെ നടക്കും. ലോകമെമ്പാടുമുള്ള യോഗ്യത നേടിയ എല്ലാ വമ്പൻ ടീമുകളും അതിൽ പങ്കെടുക്കും. കാരണം ഒരു കായിക ഇനത്തിൽ നിന്നും ഇന്ത്യയെ അവഗണിക്കാൻ കഴിയില്ല. കായികരംഗത്ത് പ്രത്യേകിച്ച് ക്രിക്കറ്റിന് ഒരുപാട് സംഭാവനകൾ നൽകിയിട്ടുള്ള രാജ്യമാണ് ഇന്ത്യ. ഗംഭീരമായി ചരിത്രമെഴുതി ഇന്ത്യയിൽ സംഘടിപ്പിക്കുമെന്നായിരുന്നു കേന്ദ്രമന്ത്രി പിസിബിയ്‌ക്ക് മറുപടി നൽകിയത്.
പാകിസ്താനിൽ മത്സരിക്കാൻ ഇന്ത്യക്ക് ഒരുപാട് സുരക്ഷാപ്രശ്നങ്ങളുണ്ട്. അക്കാര്യത്തിൽ ആഭ്യന്തര മന്ത്രാലയം തീരുമാനമെടുക്കും. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളുടെ സുരക്ഷയാണ് പരമപ്രധാനം. ഐസിസി ടൂർണമെന്റുകളിൽ പാകിസ്താനുമായി കളിക്കുന്നുണ്ട്, എന്നാൽ ഉഭയകക്ഷി പരമ്പരകളെക്കുറിച്ചുള്ള രാജ്യത്തിന്റെ നിലപാട് നേരത്തെയുള്ളതുപോലെ ഇപ്പോഴും തുടരുന്നു. തീവ്രവാദത്തിന്റെ നിഴലിൽ ക്രിക്കറ്റ് കളിക്കാനാകില്ല.
ഇതിൽ ക്രിക്കറ്റ് മാത്രമല്ല ഉൾപ്പെട്ടിട്ടുള്ളത്.ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങൾ പാകിസ്താനിൽ പരമ്പര കളിച്ചു. എന്നാൽ ഇന്ത്യയുമായി അവയെ താരതമ്യം ചെയ്യാൻ കഴിയില്ല.നിലവിൽ ആരെയും അനുസരിക്കേണ്ട ആവശ്യം ഇന്ത്യക്കില്ല. ലോകകപ്പിന് എല്ലാ രാജ്യങ്ങളെയും ക്ഷണിക്കും. വരാൻ ആഗ്രഹിക്കുന്നവർക്ക് വരാം എന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
മുംബൈയിൽ നടന്ന ബിസിസിയുടെ 91 ാം വാർഷിക യോഗത്തിനിടെയാണ് ഏഷ്യകപ്പ് പാകിസ്താനിലാണെങ്കിൽ ഇന്ത്യ കളിക്കില്ലെന്ന കാര്യം ജായ് ഷാ വ്യക്തമാക്കിയത്. പാകിസ്താനെതിരായ ഉഭയകക്ഷി പരമ്പരകൾക്കും പാകിസാതാനിൽ പര്യടനം നടത്തുന്നതിനും ബിസിസിഐയ്‌ക്ക് സർക്കാരിന്റെ അനുമതി ആവശ്യമാണ്. ഏഷ്യ കപ്പ് മറ്റൊരു വേദിയിലേക്ക് മാറ്റുന്നത് പരിഗണിക്കുമെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് കൂടിയായ ജയ് ഷാ പറഞ്ഞത്.
Comments