ഡെറാഡൂൺ: ദേവഭൂമിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടത് അദ്ദേഹം ധരിച്ച വസ്ത്രമായിരുന്നു. വളരെ വ്യത്യസ്തമാർന്ന വസ്ത്രം ധരിച്ചായിരുന്നു നരേന്ദ്രമോദിയുടെ കേദാർനാഥ് ദർശനം. സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയും പ്രതീകമായ സ്വസ്തിക ചിഹ്നമുള്ള ചോള ഡോറ എന്ന പരമ്പരാഗത വസ്ത്രമാണ് അദ്ദേഹം ധരിച്ചിരുന്നത്. ഇതിന് പിന്നിൽ ഒരു ചെറിയ കഥയുണ്ട്.
ഒരിക്കൽ ഹിമാചലിലെ ചമ്പ പര്യടനത്തിൽ വച്ച് നരേന്ദ്രമോദിയ്ക്ക് ലഭിച്ച വസ്ത്രമാണിത്. ഒരു സ്ത്രീ തന്റെ സ്വന്തം കൈകൊണ്ട് തുന്നിയെടുത്ത അവരുടെ പരമ്പരാഗത വസ്ത്രം പ്രധാനമന്ത്രിയ്ക്ക് സ്നേഹത്തോടെ സമ്മാനിക്കുകയായിരുന്നു. തനിക്ക് ആദരവോടെ നൽകിയ ഈ സമ്മാനത്തിന് അദ്ദേഹം അവരോട് നന്ദി പറഞ്ഞു. താൻ എപ്പോഴൊക്കെ തണുത്ത പ്രദേശങ്ങൾ സന്ദർശിക്കുന്നുവോ, ആ സമയങ്ങളിൽ സ്നേഹത്തോടെ സമ്മാനിച്ച ഈ വസ്ത്രം ധരിക്കുമെന്ന് അദ്ദേഹം സ്ത്രീയ്ക്ക് വാക്കും നൽകി. കേദാർനാഥ് ക്ഷേത്രത്തിലെത്തിയ പ്രധാനമന്ത്രി താൻ നൽകിയ വാഗ്ദാനം നിറവേറ്റുകയായിരുന്നു. സ്ത്രീ സമ്മാനിച്ച അതേ വസ്ത്രം ധരിച്ചാണ് നരേന്ദ്രമോദി ഇന്ന് ക്ഷേത്ര ദർശനത്തിനെത്തിയത്.
ഹിമാചൽ പ്രദേശവാസികളുടെ വസ്ത്രധാരണം വളരെ മനോഹരമാണ്. വർഷം മുഴുവനും നിലനിൽക്കുന്ന കഠിനമായ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. രാജ്യത്തെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്നവരെ മാത്രമല്ല ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും ഹിമാചൽ സന്ദർശിക്കാൻ എത്തുന്നവരെയും കൈകൊണ്ട് നെയ്തെടുത്ത പരമ്പരാഗത വസ്ത്രങ്ങൾ ഏറെ ആകർഷിക്കുന്നു. തൊപ്പികൾ, വസ്ത്രങ്ങൾ, പാദരക്ഷകൾ എന്നിവയെല്ലാം ഹിമാചലിൽ സ്വമേധയാ നിർമ്മിക്കുന്നു. കൈത്തറി ഹിമാചൽ പ്രദേശിന്റെ സാംസ്കാരിക സ്വത്വമാണ്.
Comments