ചെക്ക് വാഹന നിർമ്മാതാക്കളായ സ്കോഡ അവരുടെ ഏറ്റവും ജനപ്രിയമായ കുഷാക്ക് എസ്‍യുവിയുടെ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി. ആനിവേഴ്‌സറി എഡിഷൻ 4 വേരിയന്റുകളിലാണ് കമ്പനി വാഗ്ദാനം ചെയ്യുന്നത്. 15.59 ലക്ഷം മുതൽ 19.09 ലക്ഷം വരെയാണ് വാഹനത്തിന്റെ എക്സഷോറൂം വില. 2021 ജൂണിൽ അവതരിപ്പിച്ച കുഷാക്ക് ഇന്ത്യയിൽ വിജയകരമായി മുന്നേറുകയാണ്. ഇതിനിടെ, ഗ്ലോബൽ എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ കുട്ടികൾക്കും മുതിർന്നവർക്കുമുള്ള സുരക്ഷയിൽ ഫൈവ് സ്റ്റാർ റേറ്റിംഗും സ്കോഡ കുഷാക്ക് സ്വന്തമാക്കിയിരുന്നു. ഇപ്പോൾ കുഷാക്ക് എസ്‍യുവിയുടെ പുതിയ ആനിവേഴ്‌സറി എഡിഷൻ പുറത്തിറക്കി വാഹനപ്രേമികളെ ആകർഷിക്കുകയാണ് കമ്പനി.
കുഷാക്ക് ആനിവേഴ്‌സറി എഡിഷൻ ടോപ്പ്-സ്പെക്ക് സ്റ്റൈൽ 1.0, 1.5 ട്രിമ്മുകളെ അടിസ്ഥാനമാക്കിയുള്ളതാണ്. 1.0-ലിറ്റർ, ത്രീ-സിലിണ്ടർ ടർബോ-പെട്രോൾ എഞ്ചിൻ 115hp കരുത്തും 175Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക് ഗിയർ ബോക്സാണ് ഇവയ്‌ക്ക്. 1.5-ലിറ്റർ, ടർബോ-ഫോർ-സിലിണ്ടർ 150hp കരുത്തും 250Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. പെട്രോൾ എഞ്ചിൻ, 6-സ്പീഡ് മാനുവൽ അല്ലെങ്കിൽ 7-സ്പീഡ് ഡ്യുവൽ-ക്ലച്ച് ഓട്ടോമാറ്റിക് ഗിയർബോക്‌സുമായാണ് ഘടിപ്പിച്ചിരിക്കുന്നത്.
വയർലെസ് ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവയ്‌ക്കൊപ്പം 10 ഇഞ്ച് ടച്ച്‌സ്‌ക്രീനും സ്‌കോഡ കുഷാക്ക് ആനിവേഴ്‌സറി എഡിഷന് കമ്പനി നൽകുന്നു. ട്രാക്ഷൻ കൺട്രോൾ, ആറ് എയർബാഗുകൾ, ESC, റെയിൻ സെൻസിംഗ് വൈപ്പറുകൾ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ, ക്രൂയിസ് കൺട്രോൾ എന്നിവയും വാഹനത്തിന് ലഭിക്കുന്നു. അടുത്തിടെ പുറത്തിറക്കിയ ഫോക്‌സ്‌വാഗൺ ടൈഗൺ ഒന്നാം വാർഷിക പതിപ്പിന് സമാനമായി, പ്രത്യേക പതിപ്പായ കുഷാക്കിന് സി-പില്ലറിലും സ്റ്റിയറിംഗ് വീലിലും ‘ആനിവേഴ്‌സറി എഡിഷൻ’ ബാഡ്ജ്, പുതിയ ഡോർ-എഡ്ജ് പ്രൊട്ടക്ടറുകൾ, പുതിയ കോൺട്രാസ്റ്റ് സ്റ്റിച്ചിംഗ്, ഒരു ക്രോം ആപ്പ്ലിക്ക് എന്നിവ ലഭിക്കുന്നു.
















Comments