തിരുവന്തപുരം: സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പോലീസ്. യുവാവിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്. ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികയ്ക്കുമെതിരെയാണ് കേസെടുത്തത്. തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനായ യുവാവിന്റെ പരാതിയിലാണ് നടപടി.
സിനിമ, അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമായ എസ്മയിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പറഞ്ഞിരുന്നു. രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും യുവാവ് നൽകിയ പരാതിയിലാണ് നടപടി. വഞ്ചനാ കുറ്റം ചുമത്തിയാണ് നിലവിൽ കേസെടുത്തിട്ടുള്ളത്. യുവാവിന്റെ മൊഴിയെടുത്ത ശേഷം കൂടുതൽ വകുപ്പുകൾ ചുമത്തുമെന്ന് പോലീസ് വ്യക്തമാക്കി.
സിനിമയുടെ കുറച്ച് ഭാഗം ഷൂട്ട് ചെയ്തതിന് ശേഷം കരാർ ഒപ്പിടാൻ അണിയറ പ്രവർത്തകർ നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൽട്ട്സ് ഒൺലി സിനിമയാണെന്ന് അറിയിച്ചതെന്നും യുവാവ് അറിയിച്ചു. അരുവിക്കരയിലെ ആളൊഴിഞ്ഞ പ്രദേശത്തെ കെട്ടിടത്തിലായിരുന്നു ചിത്രീകരണം. അഭിനയിക്കുന്നതിൽ നിന്ന് പിൻമാറിയാൽ അഞ്ച് ലക്ഷം നൽകണമെന്നായിരുന്നു അണിയറ പ്രവർത്തകരുടെ ഭീഷണി. പണം നൽകാൻ ഇല്ലാതിരുന്നതിനാൽ ഭീഷണിയ്ക്ക് വഴങ്ങുകയായിരുന്നുവെന്നും യുവാവ് പറഞ്ഞു.
Comments