തിരുവനന്തപുരം: വി.സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ കേരളം പുന:പരിശോധനാ ഹർജി നൽകും. ശാസ്ത്ര സാങ്കേതിക സർവ്വകലാശാല വി.സി.യായ ഡോ.രാജശ്രീ എംസിന്റെ നിയമനമാണ് റദ്ദാക്കിയത്. നിയമനം ചട്ടപ്രകാരമല്ല എന്ന വാദം അംഗീകരിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. എന്നാൽ 2010ലെ യുജിസി ചട്ടങ്ങൾക്ക് നിർദ്ദേശ സ്വഭാവം മാത്രമേ ഉള്ളൂ എന്നാണ് വാദം. അത് നടപ്പാക്കാൻ ബാധ്യതയില്ലെന്ന് സുപ്രീംകോടതി തന്നെ വിധിച്ചിട്ടുണ്ടെന്നാണ് സർക്കാർ വൃത്തങ്ങൾ പറയുന്നത്. സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സർക്കാരിന് അധികാരം നൽകുന്ന യുജിസി ചട്ടം പരിഗണിച്ചില്ലെന്നും സർക്കാർ ആക്ഷേപം ഉയർത്തുന്നുണ്ട്.
ജസ്റ്റിസുമാരായ എം.ആർ.ഷാ, സി.വി.രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവം നടത്തിയത്. 2013ലെ യുജിസി ചട്ടങ്ങൾ പ്രകാരമല്ല ഡോ.രാജശ്രീയുടെ നിയമനമെന്നാണ് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാണിച്ചിരുന്നത്. ഈ വാദം സുപ്രീംകോടതി ശരിവച്ചു. 2019 ഫെബ്രുവരി രണ്ടിനാണ് ഡോ.രാജശ്രീ എംഎസിനെ സാങ്കേതിക സർവ്വകലാശാല വി.സിയായി നിയമിച്ച് ഉത്തരവിറങ്ങുന്നത്. ഇതിനെ ചോദ്യം ചെയ്ത് കൊണ്ട് കുസാറ്റിലെ മുൻ ഡീൻ ആയ ഡോ.ശ്രീജിത്ത് പി.എസ് ആണ് സുപ്രീംകോടതിയെ സമീപിച്ചത്.
മൂന്ന് പ്രധാനപ്പെട്ട ലംഘനങ്ങൾ നടന്നുവെന്നാണ് ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു. ഇതിൽ ആദ്യത്തേത് വൈസ് ചാൻസിലറെ ശുപാർശ ചെയ്യുന്നതിനായി സെർച്ച് കമ്മിറ്റി രൂപീകരിക്കേണ്ടതായിട്ടുണ്ട്, യുജിസി ചട്ടങ്ങൾ പ്രകാരം ഈ പാനലാണ് പേരുകൾ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ രാജശ്രീയുടെ പേര് മാത്രമാണ് ഗവർണർക്ക് കൈമാറിയത്. ഈ പേര് ഗവർണർ അംഗീകരിക്കുകയായിരുന്നു. ഇത് യുജിസി നിയമങ്ങളുടെ ലംഘനമാണെന്നാണ് പ്രധാന ആരോപണം. സെർച്ച് കമ്മിറ്റിയിൽ വിദ്യാഭ്യാസ മേഖലയിലെ അംഗങ്ങളെ മാത്രമേ ഉൾപ്പെടുത്താവൂ. എന്നാൽ സർക്കാർ രൂപീകരിച്ച സെർച്ച് കമ്മിറ്റിയിൽ ചീഫ് സെക്രട്ടറിയും അംഗമായിരുന്നു. ചീഫ് സെക്രട്ടറി വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധനല്ല എന്ന ഹർജിക്കാരുടെ വാദവും കോടതി അംഗീകരിച്ചു.
Comments