സിംഗ്ഭൂം: ഝാർഖണ്ഡിലെ പടിഞ്ഞാറൻ സിംഗ്ഭൂം ജില്ലയിൽ 26 വയസ്സുകാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ 12 പേർ അറസ്റ്റിലായി. സുഹൃത്തിനൊപ്പം ഇരുചക്ര വാഹനത്തിൽ പോവുകയായിരുന്ന യുവതിയെ, വാഹനം തടഞ്ഞു നിർത്തി, സുഹൃത്തിനെ തല്ലിവീഴ്‌ത്തിയ ശേഷമായിരുന്നു പ്രതികൾ ആക്രമിച്ചത്. പ്രശസ്ത ഐടി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ പെൺകുട്ടി, വർക്ക് ഫ്രം ഹോമിന്റെ ഭാഗമായി നാട്ടിലായിരുന്നു.
പെൺകുട്ടിയെ ചായ്ബാസയിലെ പഴയ വിമാനത്താവളത്തിന് സമീപത്തേക്ക് വലിച്ചിഴച്ചു കൊണ്ടു പോയാണ് പ്രതികൾ പീഡിപ്പിച്ചത്. സംഭവത്തിൽ 12 പേരെ അറസ്റ്റ് ചെയ്തതായി മുഫാസിൽ പോലീസ് അറിയിച്ചു. ഇതിൽ 10 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണ്.
ബലാത്സംഗത്തിന് ശേഷം പെൺകുട്ടിയെ സംഭവസ്ഥലത്ത് ഉപേക്ഷിച്ചു പോയ പ്രതികൾ, കുട്ടിയുടെ പഴ്സും മൊബൈൽ ഫോണും മോഷ്ടിക്കുകയും ചെയ്തു. ഏറെ പ്രയാസപ്പെട്ട് വീട്ടിലെത്തിയ പെൺകുട്ടി, വിവരം വീട്ടുകാരെ അറിയിക്കുകയും തുടർന്ന് പോലീസിൽ പരാതി നൽകുകയുമായിരുന്നു. തലയ്‌ക്ക് പരിക്കേറ്റ പെൺകുട്ടിയുടെ സുഹൃത്ത് ആശുപത്രിയിൽ ചികിത്സയിലാണ്.
Comments