ബ്രിട്ടനിൽ എന്താണ് സംഭവിക്കുന്നത്? രാഷ്ട്രീയ അനിശ്ചിതത്വവും ഭരണസ്തംഭവനവുമൊക്കെ യൂറോപ്യൻ രാജ്യങ്ങളിൽ പുതുമയല്ലെങ്കിലും ബ്രിട്ടൻ ഇതിൽ നിന്നൊക്കെ മുക്തമായിരുന്നു. എന്നാൽ 45 ദിവസം മാത്രം പ്രധാനമന്ത്രിക്കസേരയിലിരുന്ന് അധികാരമൊഴിഞ്ഞ ലിസ് ട്രസിന്റെ രാജിയിലൂടെ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പുതിയ മാറ്റങ്ങൾ ലോക രാജ്യങ്ങൾ ചർച്ച ചെയ്തു തുടങ്ങിക്കഴിഞ്ഞു.
ഏറ്റവും കുറഞ്ഞ കാലം ബ്രിട്ടീഷ് പ്രധാനമന്ത്രിക്കസേരയിലിരുന്ന നേതാവായിട്ടാണ് ലിസ് ട്രസിനെ ചരിത്രം അടയാളപ്പെടുത്തുക. പാർട്ടി അർപ്പിച്ച വിശ്വാസവും ജനഹിതവും നിറവേറ്റാനായില്ലെന്ന തുറന്നുപറച്ചിലോടെ ട്രസ് രാജിവെയ്ക്കുമ്പോൾ ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ ഏറ്റവും അനിശ്ചിതത്വം നിറഞ്ഞ സമയമായി രാഷ്ട്രീയ നിരീക്ഷകർ ഇതിനെ വിലയിരുത്തുന്നു. പൊതുവെ വിരസമായിരുന്ന ബ്രിട്ടീഷ് രാഷ്ട്രീയത്തിലേക്ക് ലോക രാജ്യങ്ങൾ കണ്ണും കാതും കൂർപ്പിക്കുന്ന കാഴ്ച.
ട്രസിന്റെ പിൻഗാമിയാരെന്നാണ് ഇപ്പോൾ ചർച്ച മുറുകുന്നത്. ലിസ് ട്രസുമായുളള മത്സരത്തിൽ ഇന്ത്യൻ വംശജനെന്ന ചാപ്പകുത്തി അവസാന നിമിഷം പരാജയപ്പെടുത്തിയ ഋഷി സുനകോ അതോ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസനോ … ? ആരാകും പകരക്കാരനെന്നാണ് ചർച്ചകൾ. ബ്രിട്ടനുമായി നല്ല നയതന്ത്ര ബന്ധം പുലർത്തുന്ന ഇന്ത്യ അടക്കമുളള രാജ്യങ്ങൾ ഈ രാഷ്ട്രീയ മാറ്റങ്ങളെ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതും.
ഹൗസ് ഓഫ് കോമൺസ് നേതാവ് പെനീ മോർഡന്റ്, പ്രതിരോധമന്ത്രി ബെൻ വാലസ്, രാജിവെച്ച ആഭ്യന്തരമന്ത്രി സുവെല്ല ബ്രോവർമാൻ തുടങ്ങിയവരുടെ പേരുകളും ഉയർന്നിട്ടുണ്ടെങ്കിലും ഋഷി സുനക് തന്നെയാണ് ഇതിൽ മുന്നിൽ നിൽക്കുന്നത്. പ്രധാനമന്ത്രിയാകാനുളള തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ 100 എംപിമാരുടെയെങ്കിലും പിന്തുണ വേണം. നിലവിൽ ഋഷി സുനകിന് മാത്രമാണ് ഇത്രയും പേരുടെ പിന്തുണ ഉറപ്പിക്കാനായതെന്നാണ് പുറത്തുവരുന്ന വാർത്തകൾ. 357 എംപിമാരിൽ ബോറിസ് ജോൺസന് 44 എംപിമാരുടെയും പെനി മോർഡന്റിന് 21 എംപിമാരുടെയും പിന്തുണ മാത്രമാണ് ഉറപ്പിക്കാനായതെന്നും അണിയറ വർത്തമാനങ്ങളിലൂടെ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ബോറിസ് ജോൺസൺ തിരിച്ചുവന്നാൽ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയുടെ അടിത്തറയിളകുമെന്ന് കരുതുന്ന പാർട്ടിയിലെ നേതാക്കളും സുനകിന് തന്നെയാണ് മുൻതൂക്കം നൽകുന്നത്. ധനകാര്യ വകുപ്പ് കൃത്യമായി കൈകാര്യം ചെയ്ത സുനക് തലപ്പത്തെത്തുമ്പോൾ ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയിൽ ഉയർച്ചയുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തൽ. ലിസ് ട്രസ് അവതരിപ്പിച്ച സാമ്പത്തിക നയങ്ങൾ പാളിയതും ഭരണകക്ഷിയായ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടിയും നാണക്കേടുമാണ് ഉണ്ടാക്കിയത്.
കടുത്ത വലതുപക്ഷ വാദികളായ പാർട്ടി അംഗങ്ങളാണ് കഴിഞ്ഞ തവണ അവസാന നിമിഷം ഋഷി സുനകിന്റെ കാലുവാരിയത്. ഇത്തവണയും ഇവരെ സൂക്ഷിക്കണമെന്ന് തന്നെയാണ് സുനകിന്റെ ക്യാമ്പിലുളളവർ പറയുന്നത്. അവസാന നിമിഷങ്ങളിൽ വംശീയവേർതിരിവെന്ന നെറികെട്ട ആയുധം ഇവർ വീണ്ടും പുറത്തെടുക്കാനുളള സാദ്ധ്യതയും തളളിക്കളയുന്നില്ല. അതുകൊണ്ടു തന്നെ സുനകിനെ പിന്തുണയ്ക്കുന്നവരുടെ ഓരോ ചുവടും കരുതലോടെയാണ്.
ആറ് വർഷത്തിനിടെ അഞ്ചാമത്തെ പ്രധാനമന്ത്രിയെ ആണ് ബ്രിട്ടൻ തിരഞ്ഞെടുക്കാൻ ഒരുങ്ങുന്നത്. നിലവിലെ രാഷ്ട്രീയ അനിശ്ചിതത്വം കൺസർവേറ്റീവ് പാർട്ടിക്ക് വലിയ ക്ഷീണമാണ് ഉണ്ടാക്കിയിരിക്കുന്നത്. പൊതുതിരഞ്ഞെടുപ്പ് വേണമെന്ന് പ്രതിപക്ഷമായ ലേബർ പാർട്ടി ഒരു വശത്ത് ശക്തമായി ആവശ്യപ്പെടുന്നുമുണ്ട്. നിലവിൽ അതിലേക്ക് നീങ്ങിയാൽ കൺസർവേറ്റീവ് പാർട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടി വരുമെന്ന കാര്യത്തിൽ തർക്കമില്ല. പണപ്പെരുപ്പം ഉൾപ്പെടെ ഭീഷണി സൃഷ്ടിക്കുന്ന ബ്രിട്ടന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് വർദ്ധിച്ചുവരുന്ന ആശങ്കകളും ഋഷി സുനക് എന്ന ഉത്തരത്തിലേക്കാണ് വിരൽചൂണ്ടുന്നത്.
Comments