റായ്പൂർ: കുട്ടിയാനയെ കൊന്ന് ജഡം കുഴിച്ചിട്ട കേസിൽ 13 പേർ പിടിയിൽ. പിടിയിലായവരിൽ പ്രായപൂർത്തിയാകാത്തയാളും ഉൾപ്പെടുന്നതായി പോലീസ് വ്യക്തമാക്കി. വിഷം നൽകിയാണ് ആനയെ സംഘം കൊലപ്പെടുത്തിയത്. കഴിഞ്ഞ 18 മുതൽ ആനയെ കാണാതാവുകയായിരുന്നു. പിറ്റേ ദിവസമാണ് വിഷം നൽകി കൊന്നതെന്ന് പ്രതികൾ സമ്മതിച്ചു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ ഫാമിൽ നിന്നും ജഡം കണ്ടെത്തുകയായിരുന്നു. ജഡം മറവ് ചെയ്തത് മറച്ചുവെയ്ക്കുന്നതിനായി മൃതദേഹം കുഴിച്ചുമൂടിയ പാടത്ത് നെൽകൃഷിയുമിറക്കിയിരുന്നു. വനം വന്യജീവി സംരക്ഷണ നിയമ പ്രകാരമാണ് വനം വകുപ്പ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
കുട്ടിയാനയെ കാണാതായതിന് പിന്നാലെ കാട്ടാനക്കൂട്ടം അക്രമാസക്തമായി നാട്ടിലിറങ്ങിയിരുന്നു. ആക്രമണത്തിൽ ഒരാളെയും മൂന്ന് കന്നുകാലികളെയും കൊന്നിരുന്നു. കഴിഞ്ഞ മൂന്ന് വർഷത്തിനിടയിൽ 210 പേരുടെ ജീവനാണ് ആനയുടെ ആക്രമണത്തിൽ നഷ്ടമായത്.
ഫാമിന്റെ ഉടമ ഉൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തതായി അന്വേഷണ സംഘം അറിയിച്ചു. അറസ്റ്റിലായവരിൽ 16-കാരനും ഉൾപ്പെടുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു. മുഖ്യപ്രതി പസൻ ജൻപദ് പഞ്ചായത്ത് അംഗത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
Comments