പത്തനംതിട്ട: ലഹരിയ്ക്കെതിരായ ബോധവത്കരണത്തിന്റെ ഭാഗമായി ദീപം തെളിയിക്കാനുള്ള എക്സൈസ് മന്ത്രി എം.ബി രാജേഷിന്റെ ആഹ്വാനത്തിനെതിരെ പരിഹാസവുമായി സിപിഎം ലോക്കൽ കമ്മിറ്റി അംഗം. പത്തനംതിട്ട നോർത്ത് സിപിഎം ലോക്കൽ കമ്മിറ്റി അംഗം ആർ സാബുവാണ് പരിഹാസവുമായി രംഗത്ത് വന്നത്. കൊറോണക്കെതിരെ പാത്രം കൊട്ടിയത് പോലെയാണ് ലഹരിക്കെതിരെ ദീപം തെളിയിക്കൽ എന്നായിരുന്നു പരിഹാസം.
സിപിഎം ലോക്കൽ കമ്മിറ്റിയുടെ വാട്സ് ആപ്പ് ഗ്രൂപ്പിലായിരുന്നു മന്ത്രിയെ പരിഹസിച്ച് സാബു രംഗത്തുവന്നത്. പത്തനംതിട്ട നഗരസഭ കൗൺസിലർ കൂടിയാണ് ആർ സാബു.
ലഹരിയ്ക്കെതിരെ ദീപാവലി ദിനമായ തിങ്കളാഴ്ച വൈകീട്ട് വീടുകളിൽ ദീപം തെളിയിക്കാനാണ് രാജേഷിന്റെ ആഹ്വാനം. കൊറോണ സമയത്ത് പ്രതിരോധ പ്രവർത്തകരോടുള്ള ആദരസൂചകമായി ദീപം തെളിയിക്കാൻ പ്രധാനമന്ത്രി ആഹ്വാനം ചെയ്തപ്പോൾ ഏറ്റവും കൂടുതൽ എതിർത്തത് സിപിഎമ്മുകാരാണ്. ഈ സാഹചര്യത്തിൽ രാജേഷിന്റെ ദീപം തെളിയിക്കാനുള്ള ആഹ്വാനത്തിനെതിരെ നേരത്തെ തന്നെ പരിഹാസം ഉയർന്നിരുന്നു. ദീപാവലി ദിനത്തിൽ വൈകീട്ട് ഏവരും ദീപം തെളിയിക്കാറുണ്ട്. ഈ ദിനം ലഹരിയ്ക്കെതിരെ ദീപം തെളിയിക്കാൻ പറഞ്ഞത് ക്രെഡിറ്റ് നേടാനാണെന്ന പരിഹാസവും ഉയരുന്നുണ്ട്.
Comments