ലണ്ടൻ: ഇന്ത്യൻ വംശജനായ ഋഷി സുനക് ബ്രിട്ടണിൽ പ്രധാനമന്ത്രിയാകും. തിരഞ്ഞെടുപ്പിൽ നിന്ന് മുൻ പ്രധാനമന്ത്രിയും ചാൻസിലറുമായ ബോറിസ് ജോൺസൺ പിന്മാറുകയും 157 എംപിമാരുടെ പിന്തുണ ഋഷിക്ക് ലഭിക്കുകയും ചെയ്തതോടെയാണ് ഇന്ത്യൻ വംശജൻ പ്രധാനമന്ത്രി സ്ഥാനം ഉറപ്പിച്ചത്. മുൻ പ്രധാനമന്ത്രി ബോറിസിന് 57 എംപിമാരുടെ പിന്തുണ മാത്രമാണ് നേടാനായത്. ഇതോടെ അദ്ദേഹം തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുകയായിരുന്നു.
ബോറിസ് പ്രധാനമന്ത്രിയായിരുന്ന മന്ത്രിസഭയിൽ ധനമന്ത്രിയായിരുന്നു ഋഷി സുനക്. 42-കാരനായ ഋഷി തിങ്കളാഴ്ച തന്നെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുക്കുമെന്നാണ് കരുതുന്നത്. ഇത് നടപ്പിലാകുന്നതോടെ യുകെയിൽ പ്രധാനമന്ത്രി പദം അലങ്കരിക്കുന്ന ആദ്യ ഇന്ത്യക്കാരനാകും ഋഷി സുനക്.
അതേസമയം വരാനിരിക്കുന്ന 2024 പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കാനും വിജയം കൈവരിക്കാനും താൻ തയ്യാറാണെന്ന് യുകെ മുൻ പ്രധാനമന്ത്രി ബോറിസ് ജോൺസൺ പ്രതികരിച്ചു. പാർലമെന്റിൽ ഒരു ഏകീകൃത പാർട്ടി ഇല്ലെങ്കിൽ ഫലപ്രദമായി ഭരിക്കാൻ കഴിയില്ല. മുൻ ധനമന്ത്രി ഋഷി സുനകിനെക്കാൾ താൻ ഏറെ പിന്നിലാണ്. അതിനാൽ നാമനിർദേശപത്രികയുമായി മുന്നോട്ട് പോകാൻ ഉദ്ദേശിക്കുന്നില്ല. വിജയിക്കുന്നവർക്ക് എല്ലാവിധ പിന്തുണയും നൽകാൻ തയ്യാറാണെന്നും ബോറിസ് ജോൺസൺ പ്രസ്താവനയിലൂടെ അറിയിച്ചു.
അതേസമയം രാജ്യത്തെ ഐക്യപ്പെടുത്താനും സമ്പദ് വ്യവസ്ഥ നേരെയാക്കിയെടുക്കാനും ആഗ്രഹിക്കുന്നുവെന്ന പ്രഖ്യാപനത്തോടെയാണ് തന്റെ ഔദ്യോഗിക കാമ്പയിൻ ഋഷി ആരംഭിച്ചിരുന്നത്. അടുത്തിടെ രാജിവെച്ച ബ്രിട്ടണിന്റെ ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവർമാൻ സുനക്കിനെ പിന്തുണച്ച് രംഗത്തെത്തുകയും ചെയ്തിട്ടുണ്ട്.
ഐക്യവും സ്ഥിരതയും കാര്യക്ഷമതയും നമുക്ക് ആവശ്യമാണ്. ഈ ഘട്ടത്തിൽ അനുയോജ്യനായ ഒരേയൊരു സ്ഥാനാർത്ഥി ഋഷിയാണ്. അദ്ദേഹത്തെ പിന്തുണയ്‌ക്കുന്നതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു സുവെല്ലയുടെ പ്രതികരണം.
പ്രധാനമന്ത്രി പദത്തിൽ 45 ദിവസം മാത്രം ഇരുന്നതിന് പിന്നാലെ രാജിവെച്ച നേതാവായിരുന്നു ലിസ് ട്രസ്. ഇവരുടെ രാജിക്ക് ശേഷം ഏവരും സാധ്യത കൽപ്പിച്ചതും കൺസർവേറ്റീവ് പാർട്ടിയുടെ ഋഷിക്കായിരുന്നു. നേരത്തെ 21,000 വോട്ടുകൾക്ക് മാത്രമായിരുന്നു ഋഷി സുനക്കിന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടത്. ഈ സാഹചര്യത്തിൽ ഏറ്റവും അർഹനായ സ്ഥാനാർത്ഥിയായി ഏവരും കണക്കാക്കുന്നതും ഋഷിയെ തന്നെയായിരുന്നു. യുകെയിലെ നിലവിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണാൻ മുൻ ധനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ ഋഷി സുനക്കിന് സാധിക്കുമെന്നാണ് ഏവരും പ്രതീക്ഷിക്കുന്നത്.
Comments