കൊച്ചി: കുണ്ടന്നൂരിലെ ബാറിൽ നടന്ന വെടിവെപ്പിൽ രണ്ട് പേർ പിടിയിൽ. ഓജീസ് കാന്താരി എന്ന ബാറിൽ വെടിവെപ്പ് നടത്തിയ ഹാരോൾഡ്, റോജൻ എന്നിവരാണ് പിടിയിലായത്. എഴുപുന്ന സ്വദേശിയാണ് പിടിയിലായ റോജൻ. സുഹൃത്ത് ഹാരോൾഡ് അഭിഭാഷകനാണ്. ഒരു കേസുമായി ബന്ധപ്പെട്ട് വിജയാഹ്‌ളാദം നടത്താനായിരുന്നു ഇവർ ബാറിലെത്തിയതെന്നാണ് വിവരം. എയർഗൺ ഉപയോഗിച്ചാണ് വെടിയുതിർത്തതെന്ന് സൂചന ലഭിച്ചിട്ടുണ്ട്. തോക്ക് ഹാരോൾഡിന്റെതാണെന്ന് പോലീസ് പറയുന്നു. പ്രതികൾ വെടിയുതിർക്കുന്ന ദൃശ്യങ്ങൾ ഇതിനിടെ പുറത്തുവന്നു.
പ്രതികളെ മരട് പോലീസ് സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്ത് വരികയാണ്. ഉച്ചയ്‌ക്ക് രണ്ട് മണിയ്‌ക്ക് സംഭവമുണ്ടായിട്ടും പോലീസിൽ പരാതി നൽകാൻ ബാർ അധികൃതർ എന്തുകൊണ്ട് വൈകിയെന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. വൈകീട്ട് ഏഴ് മണിയോടെയാണ് പോലീസിന് പരാതി ലഭിച്ചത്. തുടർന്ന് രാത്രി 11 മണിയോടെയായിരുന്നു വെടിയുതിർത്ത രണ്ടംഗ സംഘം പോലീസിന്റെ പിടിയിലായത്.
ബാറിലെ ചുമരിലേക്ക് രണ്ട് റൗണ്ടായിരുന്നു റോജൻ വെടിയുതിർത്തത്. വെടിയുതിർത്തതിന് തൊട്ടുപിന്നാലെ ഇവർ ഹോട്ടലിന് പുറത്തേക്കിറങ്ങുകയും വാഹനത്തിൽ കയറി പോകുകയുമായിരുന്നു. പ്രതി റോജൻ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
Comments