സിഡ്‌നി: ടി 20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിൽ ന്യൂസിലന്റിന് 65 റൺസ് ജയം. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഗ്ലൻ ഫിലിപ്പ്‌സിന്റെ സെഞ്ച്വറിയുടെ പിൻബലത്തിൽ 7 വിക്കറ്റ് നഷ്ടത്തിൽ 167 റൺസെടുത്തു. ഫിലിപ്പ്‌സിന്റെ ഉജ്വലമായ ബാറ്റിംഗാണ് കീവീസിന് മാന്യമായ സ്‌കോർ സമ്മാനിച്ചത്.
തകർച്ചയോടെയായിരുന്നു ന്യൂസിലാന്റിന്റെ തുടക്കം. ഓപ്പണർമാർ വേഗത്തിൽ പുറത്തായി. സ്‌കോർബോർഡിൽ വെറും ഏഴ് റൺസ് മാത്രമുളളപ്പോൾ രണ്ട് ഓപ്പണർമാരെയും നഷ്ടമായി. ഫിൻ അലൻ(1), ഡെവൻ കോൺവേ(1) എന്നിങ്ങനെയായിരുന്നു തുടക്കകാരുടെ പ്രകടനം. തുടർന്ന് വന്ന ക്യാപ്റ്റൻ കെയ്ൻ വില്യംസൺ(8) പിടിച്ചു നിൽക്കാനാവാതെ മൈതാനം വിട്ടു.
ടീം തകർച്ചയെ നേരിട്ട ഘട്ടത്തിലാണ് ഗ്ലൻ രക്ഷകനായി അവതരിച്ചത്. അവസാന ഓവർ വരെ പൊരുതി ടീമിനെ കരകയറ്റിയ ശേഷമാണ് ഫിലിപ്പ്‌സ് പവലിയനിലേക്ക് മടങ്ങിയത്. 64 പന്തുകൾ നേരിട്ട ഫിലിപ്പ്‌സ് നാല് സിക്‌സറുകളുടെയും 10 ബൗണ്ടറികളുടെയും പിന്തുണയോടെ 104 റൺസ് എടുത്തു. ഡാരിൽ മിച്ചൽ(22), മിച്ചൽ സാന്റനർ(11 നോട്ടൗട്ട്) എന്നിവർ മാത്രമാണ് കിവീസ് നിരയിൽ ഇരട്ട അക്കം കണ്ട മറ്റ് ബാറ്റർമാർ.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലങ്കയുടെ തുടക്കം തകർച്ചയോടെ ആയിരുന്നു. സ്‌കോർ ബോർഡിൽ വെറും എട്ട് റൺസിനിടെ നാല് മുൻനിര ബാറ്റർമാർ പുറത്തായി. മധ്യനിരയിൽ ക്യാപ്റ്റൻ ദാസുൻ ശനകയും(35), ഭനുക രജപക്‌സ(34) എന്നിവർ മാത്രമാണ് പിടിച്ചു നിന്നത്. ഇവരുടെ ചെറുത്ത്‌നിൽപ്പാണ് ലങ്കയെ 100 കടത്തിയത്. മറ്റുളളവർക്ക് ഇരട്ട അക്ക സ്‌കോർ കണ്ടെത്താൻ കഴിഞ്ഞില്ലെന്നത് ലങ്ക ബാറ്റിംഗിന്റെ പോരായ്മ വ്യക്തമാക്കുന്നു. പേസ് ബൗളർമാരുടെ മികച്ച പ്രകടനമാണ് കുറഞ്ഞ സ്‌കോറിൽ ലങ്കയെ പുറത്താക്കാൻ ന്യൂസിലന്റിനെ സഹായിച്ചത്. കിവീസിന് വേണ്ടി ട്രെൻ ബോൾട്ട് നാലും ഇഷ് സോധി, മിച്ചൽ സാന്റനർ എന്നിവർ രണ്ടും ലോക്കി ഫെർഗൂസൻ, ടിം സൗത്തി എന്നിവർ ഒന്നും വിക്കറ്റുകൾ വീഴ്‌ത്തി.
















Comments