ചെന്നൈ: കോയമ്പത്തൂർ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബിൻ തീവ്രവാദ പ്രവർത്തനങ്ങളിലേക്ക് ആകൃഷ്ടനായത് ജിഹാദുമായി ബന്ധപ്പെട്ട പുസ്തകങ്ങൾ വായിച്ചിട്ടാണെന്ന് സൂചന. ശ്രവണ വൈകല്യമുള്ള സ്ത്രീയെ വിവാഹം ചെയ്തത് മനഃപൂർവ്വമാണെന്നും ജീവിതത്തിൽ എന്തെങ്കിലും ത്യാഗം ചെയ്യേണ്ടത് അത്യാവശ്യമാണെന്ന് തോന്നിയതിനാൽ അത് നിറവേറ്റാനാണ് അത്തരമൊരു വിവാഹം കഴിച്ചതെന്നുമാണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം.
29-കാരനായ എഞ്ചിനീയറിംഗ് ബിരുദധാരി ജമേഷ മുബിൻ ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രേരണകൊണ്ടാണ് ജിഹാദിന് വേണ്ടി പ്രവർത്തിച്ചിരുന്നതെന്നും വിവരമുണ്ട്. ഇതിനായി സ്ഫോടകവസ്തുക്കൾ നിർമ്മിക്കാൻ പഠിച്ചു. അത് ഫലപ്രദമായി പ്രയോഗിക്കാൻ ശ്രമം നടത്തി. തന്റെ കാർ ബോംബ് ഉപയോഗിച്ച് വലിയൊരു ഭീകരാക്രമണം നടത്താനുള്ള ചാവേർ ദൗത്യത്തിലായിരുന്നു മുബിൻ. പക്ഷേ പരിചയക്കുറവ് മൂലം ആസൂത്രണം ചെയ്തതുപോലെ പ്രവർത്തിച്ചില്ല. മാത്രമല്ല കാർ പൊട്ടിത്തെറിച്ച് ഇയാൾ കൊല്ലപ്പെടുകയും ചെയ്തു.
മുബിന്റെ വീട്ടിൽ നിന്ന് കണ്ടെടുത്ത കുറിപ്പുകളിൽ ഇയാൾ കൈപ്പടകൊണ്ട് എഴുതിയ ചില ലേഖനങ്ങൾ കണ്ടെത്തിയിരുന്നു. രാജ്യത്ത് മുസ്ലീങ്ങളെ രണ്ടാം തരം പൗരന്മാരായാണ് കണക്കാക്കുന്നതെന്ന് മുബിൻ സൂചിപ്പിക്കുന്നു. കർണാടകയിലെ ഹിജാബ് വിവാദവും, പൗരത്വനിയമവും എല്ലാം ഇയാൾ പരാമർശിക്കുന്നുണ്ട്. മുസ്ലീം സമുദായത്തിലുള്ളവർ നിരവധി പ്രശ്നങ്ങൾ അനുഭവിക്കുന്നുണ്ടെന്നും ഇതിന് പരിഹാരം കണ്ടെത്തണമെന്നും ഇയാൾ എഴുതിയിട്ടുണ്ട്.
സ്ഫോടനം നടക്കുന്നതിന് നാല് ദിവസം മുമ്പ് മുബിൻ തന്റെ ശ്രവണ വൈകല്യമുള്ള ഭാര്യയെയും രണ്ട് മക്കളെയും ഭാര്യവീട്ടിൽ എത്തിച്ചിരുന്നു. ഒക്ടോബർ 22 ശനിയാഴ്ച രാത്രി 11.25 ഓടെ ഗ്യാസ് സിലിണ്ടറുകളും മറ്റ് സാമഗ്രികളും കാറിൽ കയറ്റിയ ശേഷം സ്ഫോടനം നടന്ന സ്ഥലത്തിന് സമീപമുള്ള റോഡിൽ മുബിൻ മണിക്കൂറുകളോളം നിന്നു. ചെയ്യാൻ പോകുന്ന ദൗത്യത്തെക്കുറിച്ച് വിശകലനം നടത്താനും സ്വയം തയ്യാറാകാനും വേണ്ടിയായിരിക്കാം ഇതെന്ന് പോലീസ് കരുതുന്നു. മണിക്കൂറുകൾ കാത്തുനിന്നതിന് ശേഷമാണ് ക്ഷേത്രത്തിന് മുമ്പിലേക്ക് എത്തിപ്പെട്ടതും പൊട്ടിത്തെറിച്ചതുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി
നിലവിൽ ആറ് പേരാണ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. മുഹമ്മദ് ധൽക്ക (25), മുഹമ്മദ് അസറുദ്ദീൻ (25), മുഹമ്മദ് റിയാസ് (27), ഫിറോസ് ഇസ്മായിൽ (27), മുഹമ്മദ് നവാസ് ഇസ്മായിൽ (27), അഫ്സർ ഖാൻ എന്നിവരാണ് പിടിയിലായത്.
Comments