തിരുവനന്തപുരം : പാറശാല ഷാരോൺ കൊലപാതകത്തിലെ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി ഇന്ന് തെളിവെടിക്കും. തുടർന്ന് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് വ്യക്തമാക്കി. ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാനാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്റെ നീക്കം.
ഇന്നലെ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. പ്രണയബന്ധത്തിൽ നിന്ന് പിന്മാറാൻ തയ്യാറാകാതെ വന്നതോടെയാണ് 22 കാരിയായ യുവതി സ്വന്തം കാമുകനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയത്. കൊടും ക്രിമിനലുകളെ പോലെ ആസൂത്രിത നീക്കത്തിലൂടെയാണ് ഗ്രീഷ്മ ഷാരോണിനെ ഇല്ലാതാക്കിയത്. നിരന്തരം ജ്യൂസ് കൊടുത്ത് ഗ്രീഷ്മ ഷാരോണിനെ പരീക്ഷിക്കുമായിരുന്നു. എന്നാൽ ജ്യൂസിൽ വിഷം കലർത്തിയാൽ രുചി മനസിലാവുമെന്ന് വ്യക്തമായതോടെ ഇത് കഷായത്തിലേക്ക് മാറ്റുകയായിരുന്നു. അതിനായി അമ്മ കുടിക്കുന്ന കഷായം താൻ കുടിക്കുന്ന കഷായമാക്കി അവതരിപ്പിക്കുകയും ഇത് കുടിച്ച് നോക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു.
ഇത് കുടിച്ചതോടെ ഷാരോണിന്റെ ആരോഗ്യസ്ഥിതി മോശമായി. വിഷം പെട്ടെന്ന് ഫലിച്ചതാണ് എല്ലാം കുഴപ്പിച്ചത്. പക്ഷേ അഭിനയം നിർത്താൻ ഗ്രീഷ്മ അപ്പോഴും തയ്യാറായില്ല. അവസാന നിമിഷം വരെ പറഞ്ഞ കാര്യങ്ങളിൽ തന്നെ ഗ്രീഷ്മ ഉറച്ചുനിന്നു. എന്നാൽ എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് 22 കാരിയായ യുവതി കുറ്റം സമ്മതിച്ചത്. ഷാരോണിനെ തന്റെ ജീവിതത്തിൽ നിന്ന് ഒഴിവാക്കാൻ വേണ്ടിയായിരുന്നു ഇത് എന്നാണ് ഗ്രീഷ്മയുടെ മൊഴി.
Comments