തിരുവനന്തപുരം: പാറശ്ലാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം നൽകി കൊലപ്പെടുത്തിയ പ്രതി ഗ്രീഷ്മയുടെ വീടിന് നേരെ ആക്രമണം. ഇന്നലെ രാത്രിയോടെയാണ് പെൺകുട്ടിയുടെ വീടിന് നേരെ കല്ലേറുണ്ടായത്. ആക്രമണത്തിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.
കേരള-തമിഴ്‌നാട് അതിർത്തി മേഖലയായ പൂമ്പള്ളിക്കോണത്താണ് ഗ്രീഷ്മയുടെ വീട്. സംഭവ സമയം വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഗ്രീഷ്മയ്‌ക്കൊപ്പം മാതാപിതാക്കളെയും ഇന്നലെ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി വിളിപ്പിച്ചിരുന്നു. ഇവരെ രണ്ട് പോലീസ് സ്‌റ്റേഷനുകളിലായി പാർപ്പിച്ചിരിക്കുകയാണെന്നാണ് വിവരം.
നിലവിൽ ഗ്രീഷ്മയ്‌ക്കെതിരെ ശക്തമായ ജനരോഷമാണ് ഉയരുന്നത്. ഇതിന്റെ തുടർച്ചയാണ് വീടിന് നേരെയുണ്ടായ ആക്രമണം. പ്രദേശവാസികളാണ് കല്ലെറിഞ്ഞത് എന്നാണ് സൂചന.
ഇന്നലെ വൈകീട്ടോടെയാണ് ചോദ്യം ചെയ്യലിൽ ഗ്രീഷ്മ കൊലപാതക വിവരം വെളിപ്പെടുത്തിയത്. കഷായത്തിൽ ക്യാപിക് എന്ന കീടനാശിനി കലക്കിയാണ് ഷാരോണിനെ കൊലപ്പെടുത്തിയത്. സംഭവത്തിൽ ഇന്നും ഗ്രീഷ്മയുടെയും കുടുംബാംഗങ്ങളുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും.
Comments