തിരുവനന്തപുരം: ഷാരോൺ കൊലക്കേസ് പ്രതി ഗ്രീഷ്മ ആത്മഹത്യ ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ നടപടി സ്വീകരിക്കും. മാദ്ധ്യമങ്ങളോട് റൂറൽ എസ്പി ഡി ശിൽപ്പയാണ് ഇക്കാര്യം അറിയിച്ചത്. പോലീസിന് വീഴ്ച പറ്റിയെന്നും എസ്പി വ്യക്തമാക്കി.
നാല് വനിതാ പോലീസ് ഉദ്യോഗസ്ഥരാണ് ഗ്രീഷ്മയുടെ സുരക്ഷയ്‌ക്കായി ഉണ്ടായിരുന്നത്. ഗ്രീഷ്മയ്‌ക്കായി ശുചിമുറി തയ്യാറാക്കിയിരുന്നു. എന്നാൽ രാവിലെ ഉപയോഗിച്ചത് ഇതല്ല. മറ്റൊരു ശുചിമുറിയാണ് ഗ്രീഷ്മയ്‌ക്ക് ഉപയോഗിക്കാനായി നൽകിയത്. ഇത് പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയാണ്. സംഭവത്തിൽ അന്വേഷണത്തിന് നിർദ്ദേശിച്ചിട്ടുണ്ട്. റിപ്പോർട്ട് ഉടൻ ലഭിക്കും. ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണ്. ഇന്ന് തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്നും എസ്പി വ്യക്തമാക്കി.
രാവിലെ ഏഴ് മണിയോടെയാണ് ഗ്രീഷ്മ അണുനാശിനി കുടിച്ച് ആത്മഹത്യയ്‌ക്ക് ശ്രമിച്ചത്. ചോദ്യം ചെയ്യലിനായി കൊണ്ടുപോകുന്നതിനിടെ ഗ്രീഷ്മ ഛർദ്ദിക്കുകയായിരുന്നു. ഇതേ തുടർന്ന് കാര്യം അന്വേഷിച്ചപ്പോഴാണ് താൻ അണുനാശിനി കുടിച്ചതായി പെൺകുട്ടി വ്യക്തമാക്കിയത്. ഉടനെ നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ഇതിന് പിന്നാലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി. നിലവിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് ഗ്രീഷ്മ.
Comments