തിരുവനന്തപുരം: പാറശ്ശാല ഷാരോൺ രാജ് കൊലപാതകവുമായി ബന്ധപ്പെട്ട് ഗ്രീഷ്മയുടെ അമ്മയെയും അമ്മാവനെയും പോലീസ് പ്രതി ചേർത്തു. അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു.തെളിവ് നശിപ്പിച്ചതിനാണ് പ്രതി ചേർത്തിരിക്കുന്നത്. ഇന്ന് രാത്രിയോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയേക്കും.
കൊലപാതകവുമായി ബന്ധപ്പെട്ട നിർണ്ണായക തെളിവുകൾ ഇരുവരും ചേർന്നാണ് നശിപ്പിച്ചതെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഷാരോണിന്റെ മരണമറിഞ്ഞതോടെ ഇരുവർക്കും ഗ്രീഷ്മയെ സംശയമായി.തുടർന്ന് ഇരുവരും കഷായത്തിന്റെ കുപ്പിയടക്കം നശിപ്പിക്കുകയായിരുന്നു.
ഗ്രീഷ്മയിലേക്ക് സംശയത്തിന്റെ നിഴൽ വീണപ്പോഴെ കഷായത്തിന്റെ കുപ്പിയെ ചൊല്ലിയുള്ള മൊഴികൾ പോലീസ് കൃത്യമായി അവലോകനം ചെയ്തിരുന്നു. ഷാരോണിന് കഷായം നൽകിയ കുപ്പി വീട്ടിൽ ഇല്ലെന്നും അത് സ്റ്റിക്കർ ഇളക്കിമാറ്റി കഴുകി വൃത്തിയാക്കി അമ്മ ആക്രിക്കാരന് കൊടുത്തുവെന്നുമായിരുന്നു ഗ്രീഷ്മ ആദ്യം നൽകിയിരുന്ന മൊഴി. പിന്നീട് മറ്റൊരു കുപ്പിയിലാണ് കഷായം ഒഴിച്ച് വെച്ചതെന്നും മൊഴിമാറ്റി.അമ്മയാണ് തനിക്ക് മരുന്നു തരുന്നതെന്നും മരുന്നിന്റെ പേര് അറിയില്ലെന്നും പറഞ്ഞ് മനഃപൂർവം ഒഴിഞ്ഞുമാറി.ഇതും ഗ്രീഷ്മയുടെ വീട്ടുകാരെ സംശയിക്കുന്നതിന് കാരണമായി.
Comments