തിരുവനന്തപുരം: പാറശ്ശാലയിൽ കഷായത്തിൽ വിഷം നൽകി യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ അറസ്റ്റ്. പ്രതി ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവരുടെ അറസ്റ്റാണ് ഷാരോൺ കൊലപാതകവുമായി ബന്ധപ്പെട്ട് രേഖപ്പെടുത്തിയത്. സംഭവ ശേഷം തെളിവു നശിപ്പിക്കാൻ ശ്രമിച്ചത് ഇരുവരും ചേർന്നാണ്.
ഷാരോണിന്റെ മരണ ശേഷം അമ്മയ്‌ക്കും അമ്മാവനും ഗ്രീഷ്മയെ ആയിരുന്നു സംശയം. ഇക്കാര്യം ആരാഞ്ഞപ്പോൾ താനാണ് കൊലപ്പെടുത്തിയത് എന്ന് ഗ്രീഷ്മ സമ്മതിച്ചു. ഇതോടെ കഷായത്തിന്റെ കുപ്പിയുൾപ്പെടെ നശിപ്പിക്കുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇരുവരെയും വൈദ്യപരിശോധനയ്‌ക്ക് വിധേയരാക്കി. നിലവിൽ അരുവിക്കര, വട്ടപ്പാറ സ്റ്റേഷനുകളിലാണ് ഇരുവരും ഉള്ളത്. ഇവരെ ഇന്ന് വീട്ടിൽ എത്തിച്ച് തെളിവെടുക്കും. ഗ്രീഷ്മയുടെ അച്ഛനെയും മറ്റൊരു ബന്ധുവിനെയും അന്വേഷണ സംഘം ഇന്ന് ചോദ്യം ചെയ്യും.
അതേസമയം ഗ്രീഷ്മയെ ഇന്ന് ആശുപത്രി സെല്ലിലേക്ക് മാറ്റിയേക്കും. ആത്മഹത്യയ്‌ക്ക് ശ്രമിച്ച സാഹചര്യത്തിലാണ് ഗ്രീഷ്മയെ ആശുപത്രി സെല്ലിലേക്ക് മാറ്റുന്നത്. നെയ്യാറ്റിൻകര മജിസ്‌ട്രേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിയാണ് ഗ്രീഷ്മയെ റിമാൻഡ് ചെയ്തത്. ആരോഗ്യസ്ഥിതി കണക്കിലെടുത്ത് ജയിലിലേക്ക് മാറ്റുന്ന ഗ്രീഷ്മയെ വിട്ടുകിട്ടാൻ പോലീസ് കസ്റ്റഡി അപേക്ഷയും നൽകും.
Comments