തിരുവനന്തപുരം: പാറശ്ശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ഗ്രീഷ്മയെ പോലീസ് കസ്റ്റഡിയിൽ വാങ്ങും. ഇതിനായി ഇന്ന് അന്വേഷണ സംഘം കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും. നിലവിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച ഗ്രീഷ്മ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഗ്രീഷ്മയുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഈ സാഹചര്യത്തിലാണ് ഗ്രീഷ്മയെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കങ്ങൾ അന്വേഷണ സംഘം ആരംഭിച്ചത്. ഗ്രീഷ്മയെ എത്തിച്ച് വീടിനുള്ളിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
ഇന്നലെ ഗ്രീഷ്മയെ സഹായിച്ച അമ്മ സിന്ധു, അമ്മാവൻ നിർമ്മൽ കുമാർ എന്നിവരുമായി അന്വേഷണ സംഘം തെളിവെടുപ്പ് നടത്തിയിരുന്നു. ഷാരോണിന് നൽകിയ കളനാശിനിയുടെ കുപ്പിയും, രാസവസ്തുക്കൾ അടങ്ങിയ കുപ്പികളും തെളിവെടുപ്പിൽ ലഭിച്ചു. ഷാരോണിനെ കൊലപ്പെടുത്തിയ ശേഷം തെളിവുകൾ നശിപ്പിച്ചത് അമ്മയും അമ്മാവനും ചേർന്നാണ്. വീടിന് സമീപത്തെ കുളത്തിൽ അമ്മാവനാണ് കീടനാശിനിയുടെ കുപ്പി കളഞ്ഞത്. ഇതിന് പുറമേ കീടനാശിനി കുപ്പി ഉപേക്ഷിക്കാൻ കൊണ്ടുപോയ സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിൽ എടുത്തു. ഗ്രീഷ്മയുടെ വീടും പോലീസ് സീൽ ചെയ്തിട്ടുണ്ട്.
Comments