നിയമവിദ്യാർത്ഥിയെ ബലാത്സംഗം ചെയ്ത്, കേസിൽ പെടാതിരിക്കാൻ വിവാഹം കഴിച്ച സംഭവത്തിൽ പങ്കാളിയിൽ നിന്നുണ്ടായ ക്രൂരതകൾ വിവരിച്ച് നിയമവിദ്യാർത്ഥി. പങ്കാളിയായ അനന്തുവും മാതാപിതാക്കളും സ്ത്രീധനം ആവശ്യപ്പെട്ട് നിരന്തരം പീഡിപ്പിക്കുമായിരുന്നു എന്നാണ് വിവരം. കടുത്ത ജാതി വിവേചനമാണ് തനിക്ക് നേരെ ഉണ്ടായത് എന്നും യുവതി ആരോപിച്ചു.
2019 ൽ ഇൻസ്റ്റഗ്രാമിലൂടെയാണ് താനും അനന്തുവും പരിചയപ്പെടുന്നത് എന്ന് യുവതി പറഞ്ഞു. തുടക്കത്തിൽ സൗഹൃദം ആയിരുന്നുവെങ്കിലും പിന്നീടത് പ്രണയ ബന്ധത്തിലേക്ക് വളർന്നു. അതിന് ശേഷമാണ് എൽഎൽബി പഠനം ആരംഭിച്ചത്. അനന്തുവിനെ ഒഴിവാക്കാൻ പലരും ആവശ്യപ്പെട്ടെങ്കിലും താനത് ചെയ്തില്ല. അനന്തുവിന്റെ അമ്മ തങ്ങളുടെ ബന്ധത്തിന് എതിരായിരുന്നു. താൻ ജീവിച്ചിരിപ്പുണ്ടെങ്കിൽ ഈ വിവാഹം നടക്കില്ലെന്നാണ് അവർ പറഞ്ഞത്.
അവൻ പ്ലസ് ടു തോറ്റ് വെൽഡിംഗ് പണിയെടുക്കുന്നയാളാണ്. പണത്തിന്റെ കുറവുണ്ടായിരുന്നു. അത് തന്റെ വീട്ടുകാരാണ് നികത്തിയിരുന്നത്. ആ സമയത്താണ് തനിക്ക് അപസ്മാരം ബാധിച്ചത്. അപ്പോഴൊക്കെ ആശുപത്രിയിൽ കൊണ്ടുപോയതും നോക്കിയതുമെല്ലാം അനന്തുവാണ്.
കഴിഞ്ഞ ഓഗസ്റ്റിൽ വീണ്ടും അപസ്മാരം വന്നു. അന്നും അനന്തുവാണ് എല്ലാത്തിനും അടുത്തുണ്ടായിരുന്നത്. ഐസിയുവിൽ നിന്നും റൂമിലേക്ക് മാറ്റിയപ്പോഴെല്ലാം അനന്തുവാണ് സഹായിച്ചത്. അന്ന് ഐസിയുവിൽ കിടന്നപ്പോഴാണ് അവൻ തന്നെ ബലാത്സംഗം ചെയ്തത്. നന്നേ സുതാര്യമായ വസ്ത്രമാണ് താൻ ഐസിയുവിൽ ധരിച്ചത്. തന്നെ അങ്ങനെ കണ്ടപ്പോൾ നിയന്ത്രണം വിട്ടുപോയി എന്നാണ് അനന്തു പറഞ്ഞത്. 27 ാം തീയ്യതിയാണ് സംഭവം നടന്നത്.
വേദന സഹിക്കാൻ പറ്റാതെ കണ്ണ് തുറന്നുനോക്കിയപ്പോഴാണ് അത് അനന്തുവാണെന്ന് കണ്ടത്. അവനെ തട്ടിമാറ്റാനുള്ള ആരോഗ്യമുണ്ടായിരുന്നില്ല. താൻ ഒച്ചവെയ്ക്കാൻ ശ്രമിച്ചപ്പോൾ അവൻ തന്റെ വായ പൊത്തിപ്പിടിച്ചു. നിന്നെ വിവാഹം കഴിക്കാമെന്ന് അവിടെ വെച്ച് അവൻ പറഞ്ഞു. തുടർന്ന് ബ്ലഡ് പ്രഷർ കൂടി താൻ തലകറങ്ങി വീണു. ഡിസ്ചാർജ് ആകുമ്പോഴും തനിക്ക് കടുത്ത ക്ഷീണം ആയിരുന്നുവെന്നും യുവതി പറഞ്ഞു. വീണ്ടും ലോഡ്ജിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യാൻ ശ്രമം നടന്നു. അത് നടക്കില്ലെന്ന് മനസിലായതോടെ കൈയ്യൊഴിയാനാണ് ശ്രമിച്ചത്.
താൻ പരാതി നൽകിയപ്പോഴാണ് അനന്തുവിന് കുടുങ്ങുമെന്ന് ബോധ്യമായത്. ഇതോടെ അവൻ വിവാഹം കഴിക്കാമെന്ന് സമ്മതിക്കുകയായിരുന്നു. എന്നാൽ കല്യാണം കഴിഞ്ഞ ആ ദിവസം അനന്തു എന്നെ മർദ്ദിച്ചു. കല്യാണ ചെലവിനുള്ള പൈസ ആവശ്യപ്പെട്ടാണ് അടിച്ചത്. അവരുടെ വീട് പണയം വെച്ചതിന്റെ കടം തന്നോട് അടയ്ക്കാൻ ആവശ്യപ്പെട്ടതായും യുവതി വെളിപ്പെടുത്തി.
Comments