കോയമ്പത്തൂർ: കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് മുമ്പിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ച ജമേഷ മുബിന്റെ വീട്ടിൽ നിന്ന് കൂടുതൽ തെളിവുകൾ ശേഖരിച്ച് പോലീസ്. ജമേഷ മുബിന്റെ വീട്ടിൽ നിന്നും ഐഎസിന്റെ കൊടിയും, ജിഹാദിനെ കുറിച്ചുള്ള എഴുത്തുകളും ഉൾപ്പെടെ നിർണായക വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
സ്‌ഫോടനത്തോടനുബന്ധിച്ച് നടത്തിയ കൂടുതൽ പരിശോധനകൾക്കിടെയാണ് നിർണായക തെളിവുകൾ ലഭിച്ചത്. തമിഴ്‌നാട് പോലീസ് കണ്ടെടുത്ത തെളിവുകൾ ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. സ്‌ഫോടനവുമായി ബന്ധമുള്ള ബാക്കി പേരിലെക്ക് എത്താൻ പരിശോധനയിൽ പിടിച്ചെടുത്ത വസ്തുക്കൾ സഹായിക്കുമെന്നാണ് വിവരം. ജിഹാദി പ്രവർത്തനങ്ങളെ കുറിച്ചുള്ള നീണ്ട ലിസ്റ്റിൽ നടപ്പിലാക്കാൻ പോകുന്ന ആക്രമണങ്ങളെ കുറിച്ചും രാജ്യത്ത് ആസൂത്രണം ചെയ്യാൻ പോകുന്ന കലാപങ്ങളെക്കുറിച്ചും വിവരങ്ങൾ ഉണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.
നേരത്തെ നടത്തിയ പരിശോധനയിൽ ജമേഷ മുബിന്റെ വീട്ടിൽ നിന്നും 109 തരം വസ്തുക്കൾ കണ്ടെടുത്തിരുന്നു. ഇസ്ലാമിക മതഗ്രന്ഥങ്ങൾ, ജിഹാദിനെ കുറിച്ചുള്ള നോട്ടുപുസ്തകങ്ങൾ ഉൾപ്പെടെയുള്ള വസ്തുക്കളാണ് കണ്ടെടുത്തിരുന്നത്.
പൊട്ടാസ്യം നൈട്രേറ്റ്, ബ്ലാക്ക് പൗഡർ, മാച്ച് ബോക്സ്, രണ്ട് മീറ്റർ നീളമുള്ള ക്രാക്കർ ഫ്യൂസ്, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, പിഇടിഎൻ പൊടി, അലുമിനിയം പൊടി ഒഎക്സ്വൈ 99 ബ്രീത്ത് പ്യുവർ ഓക്സിജൻ സിലിണ്ടർ,ഗ്യാസ് റെഗുലേറ്റർ, ഇൻസുലേഷൻ ടേപ്പ്, പാക്കിംഗ് ടേപ്പ്, ഹാൻഡ് ഗ്ലൗസ്, ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന്റെ വിശദാംശങ്ങളും ജിഹാദിനെക്കുറിച്ചുള്ള വിശദാംശങ്ങളുമുള്ള നോട്ട് പുസ്തകങ്ങൾ തുടങ്ങിയവയാണ് പരിശോധനയിൽ എൻഐഎ അന്ന് കണ്ടെടുത്തത്.
Comments