കണ്ണൂർ: കാറിൽ ചാരിയതിന്റെ പേരിൽ യുവാവ് ചവിട്ടി വീഴ്ത്തിയ ആറ് വയസ്സുകാരന് നടുവിന്റെ എല്ലുകൾക്ക് ചതവ്. ആശുപത്രിയിൽ എടുത്ത എക്സ് റേ പരിശോധനയിലാണ് ചതവുകൾ കണ്ടെത്തിയത്. കുട്ടി തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ്.
കുട്ടിയുടെ നടുവിനാണ് ശെഹ്ഷാദ് ചവിട്ടിപ്പരിക്കേൽപ്പിച്ചത്. ശക്തമായി വേദനിച്ച കുട്ടി സംഭവ സ്ഥലത്തുതന്നെ വാവിട്ട് കരഞ്ഞിരുന്നു. ഇത് കണ്ടതോടെയായിരുന്നു അഭിഭാഷകൻ കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. കുട്ടിയ്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ല. കുട്ടിയുടെ കയ്യിൽ സ്ട്രിംഗ് ഇട്ടിട്ടുണ്ട്. യുവാവ് മർദ്ദിച്ചതായി കുട്ടിയും മാതാപിതാക്കളും പോലീസിന് മൊഴി നൽകി.
അതേസമയം സംഭവത്തിൽ പോലീസിന് വീഴ്ചയുണ്ടായിട്ടുണ്ടോയെന്ന് കണ്ടെത്താൻ കണ്ണൂർ റേഞ്ച് ഐജി രാഹുൽ ആർ നായർ അന്വേഷണത്തിന് ഉത്തരവിട്ടു. കണ്ണൂർ റൂറൽ എസ്പിയ്ക്കാണ് സംഭവത്തിന്റെ അന്വേഷണ ചുമതല. സംഭവം ഉണ്ടായി മണിക്കൂറുകൾക്കുള്ളിൽ തന്നെ വിവരം പോലീസിനെ അറിയിച്ചിട്ടും തുടർ നടപടികൾ സ്വീകരിക്കുന്നത് വൈകിയതായി ഇന്റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
Comments