തിരുവനന്തപുരം; നഗരസഭയുമായി ബന്ധപ്പെട്ട നിയമനങ്ങൾക്ക് പാർട്ടിക്കാരുടെ പട്ടിക ആവശ്യപ്പെട്ട് കത്ത് നൽകിയ സംഭവത്തിൽ മേയറെ രക്ഷിക്കാൻ കിണഞ്ഞു പരിശ്രമിച്ച് സിപിഎം. പുറത്തുവന്ന കത്ത് മേയർ എഴുതിയതല്ലെന്ന വിശദീകരണമാണ് നഗരസഭയുടെ പേരിൽ ഇറക്കിയിരിക്കുന്നത്. സംഭവം വലിയ പ്രതിഷേധങ്ങൾക്കും വിവാദങ്ങൾക്കും വഴിവെച്ചതോടെയാണ് തടി രക്ഷിക്കാനായി വിശദീകരണം ഇറക്കിയിരിക്കുന്നത്.
‘നഗരസഭ ആരോഗ്യ വിഭാഗത്തിലെ വിവിധ തസ്തികകളിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് ഒരു കത്ത് പ്രചരിക്കുന്നതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. ഇങ്ങിനെയൊരു കത്ത് മേയർ എന്ന നിലയിലോ മേയറുടെ ഓഫീസിൽ നിന്നോ നൽകിയിട്ടില്ല. ഇത്തരത്തിൽ കത്ത് നൽകുന്ന പതിവും നിലവിലില്ല. മേയർ സ്ഥലത്ത് ഇല്ലാതിരുന്ന ദിവസമാണ് കത്ത് കൈമാറിയതായി കാണുന്നത്.വിശദമായ വിവരങ്ങൾ അന്വേഷണത്തിലൂടെ മാത്രമെ കണ്ടെത്താനാകു’ നഗരസഭ വിശദീകരിക്കുന്നു.
രാവിലെ മുതൽ മാദ്ധ്യമങ്ങളിലെ പ്രധാന ചർച്ചയാണ് വിവാദമായ കത്ത്. എന്നാൽ വൈകിട്ട് മാത്രമാണ് നഗരസഭ വിശദീകരണവുമായി രംഗത്ത് എത്തുന്നത്. സംഭവത്തിൽ മേയർക്കെതിരെ രൂക്ഷ വിമർശനവും പ്രതിഷേധവുമായി യുവമോർച്ച ഉൾപ്പെടെയുളള യുവജന സംഘടനകൾ രംഗത്തെത്തിയിരുന്നു. നഗരസഭയിൽ ഒഴിവു വരുന്ന തസ്തികകളിൽ യോഗ്യരായ പാർട്ടി പ്രവർത്തകരുടെ പട്ടിക കൈമാറണമെന്ന് ആവശ്യപ്പെടുന്ന മേയറുടെ കത്താണ് പുറത്തുവന്നത്. ജോലി തേടി അലയുന്ന അഭ്യസ്തവിദ്യരായ യോഗ്യതയുളള ചെറുപ്പക്കാരെ വഞ്ചിക്കുന്ന നിലപാടാണ് മേയറുടേതെന്ന വിമർശനമാണ് പരക്കെ ഉയരുന്നത്.
ആക്ഷേപം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ഈ തസ്തികകളിലേക്കുള്ള നിയമനം റദ്ദാക്കാനും എംപ്ലോയ്‌മെന്റ് വഴി നിയമനം നടത്താനും നഗരസഭ തീരുമാനിച്ചുവെന്നും പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. തദ്ദേശ സ്ഥാപനങ്ങളുടെ കീഴിൽ വരുന്ന കരാർ നിയമനങ്ങളൊക്കെയും പാർട്ടി അനുയായികളെ തിരുകി കയറ്റാൻ സിപിഎമ്മും അനുബന്ധ സംഘടനകളും ശ്രമിക്കുന്നത് ആദ്യമായിട്ടല്ല. നേരത്തെയും ഇതുമായി ബന്ധപ്പെട്ട് നിരവധി ആരോപണങ്ങൾ ഉയർന്നുവന്നിരുന്നു. തിരുവനന്തപുരം സംഭവം വിവാദമായതോടെ മേയറുടെ രാജി ആവശ്യപ്പെട്ടുളള പ്രതിഷേധങ്ങളും ശക്തമായിട്ടുണ്ട്.
Comments