തിരുവനന്തപുരം : നഗരസഭയിലെ ആരോഗ്യവിഭാഗത്തിലെ ഒഴിവുകളിൽ പാർട്ടിക്കാരെ തിരുകി കയറ്റാൻ നീക്കം നടത്തിയ മേയർ ആര്യാ രാജേന്ദ്രന്റെ വിവാദ കത്ത് പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധവുമായി ബിജെപി. തിരുവന്തപുരം നഗരസഭയിലെ ബിജെപി കൗൺസിൽ അംഗങ്ങളാണ് മേയറുടെ ഓഫീസ് ഉപരോധിച്ച് പ്രതിഷേധിച്ചത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ മേയറെ പുറത്താക്കണം എന്നതാണ് ഇവരുടെ ആവശ്യം.
ഓഫീസ് ഉപരോധിച്ചുകൊണ്ട് കൗൺസിൽ അംഗങ്ങൾ മുദ്രാവാക്യം വിളിച്ചു. പിന്നാലെ പോലീസ് എത്തി ഇവരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു. എന്നാൽ പാർട്ടി പ്രവർത്തകരുടെ പട്ടിക ചോദിച്ച് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് താൻ കത്ത് നൽകിയിട്ടില്ലെന്നാണ് ആര്യാ രാജേന്ദ്രന്റെ വിശദീകരണം. മേയറുടെ മുഖം രക്ഷിക്കാൻ തിരുവനന്തപുരം കോർപ്പറേഷൻ ശ്രമങ്ങളും നടത്തുന്നുണ്ട്. കത്ത് വ്യാജമാണെന്നും, പ്രചരിപ്പിച്ചവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നാണ് കോർപ്പറേഷൻ പുറത്തിറക്കിയ വിശദീകരണത്തിൽ പറയുന്നത്. കത്ത് നൽകുന്ന പതിവില്ലെന്നാണ് കോർപ്പറേഷന്റെ വാദം.
സംഭവം വിവാദമായതോടെ തിരുവനന്തപുരം കോർപ്പറേഷൻ ഭരണസമിതി പിരിച്ചുവിടണമെന്നാണ് ബിജെപിയും കോൺഗ്രസും ആവശ്യപ്പെടുന്നത്. വരും ദിവസങ്ങളിലും ശക്തമായ പ്രതിഷേധം തുടരാനാണ് ബിജെപിയുടെ നീക്കം.
Comments