കോഴിക്കോട് : റെയിൽവേ സ്റ്റേഷൻ പരിസരത്തെ ലോഡ്ജിൽ പൂട്ടിയിട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോചിപ്പിച്ചു. സംഭവത്തിൽ മലപ്പുറം തിരൂരങ്ങാടി സ്വദേശി ഉസ്മാനെ പോലീസ് അറസ്റ്റ് ചെയ്തു. വീട് വീട്ടിറങ്ങിയ പതിനേഴുകാരിയായ പെൺകുട്ടിയെയാണ് സഹായിക്കാമെന്ന വാഗ്ദാനം നൽകി ഇയാൾ ലോഡ്ജിൽ പൂട്ടിയിട്ടത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് നടത്തിയ മിന്നൽ പരിശോധനയിലാണ് ലോഡ്ജിൽ പെൺകുട്ടിയെ കണ്ടെത്തിയത്.
വീട്ടിൽ നിന്ന് പിണങ്ങി ഇറങ്ങിയ പെൺകുട്ടി കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തിയതായിരുന്നു. ഇവിടെ വച്ച് ഉസ്മാനെ പരിചയപ്പെട്ടു. കുട്ടി പറഞ്ഞ കാര്യങ്ങൾ കേട്ട ഉസ്മാൻ സഹായ വാഗ്ദാനം നൽകി. പിന്നാലെയാണ് തൊട്ടടുത്തുള്ള ലോഡ്ജിൽ മുറിയെടുത്തത്. പിതാവും മകളുമാണെന്ന് ലോഡ്ജുകാരെ തെറ്റിദ്ധരിപ്പിച്ചാണ് അമ്പത്തിമൂന്നുകാരനായ ഉസ്മാൻ മുറിയെടുത്തത്.അതിന് ശേഷം കുട്ടിയെ മുറിയിൽ പൂട്ടിയിടുകയായിരുന്നു.
കോഴിക്കോട് ടൗൺ പോലീസാണ് കുട്ടിയെ മോചിപ്പിച്ചത്. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം പെൺകുട്ടിയെ ബാലികാമന്ദിരത്തിൽ പ്രവേശിപ്പിച്ചു.
Comments