ദിസ്പൂർ: സ്കൂളിൽ വടിവാളുമായി എത്തിയ അദ്ധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. അസമിലെ കച്ചാർ ജില്ലയിലാണ് സംഭവം. ജില്ലയിലെ ലോവർ പ്രൈമറി സ്‌കൂളിലെ പ്രധാന അദ്ധ്യാപകനായ ധൃതിമേധ ദാസ്(38) ആണ് സ്കൂളിൽ വടിവാളുമായി എത്തി കുട്ടികൾക്കിടയിലും സഹപ്രവർത്തകർക്കിടയിലും ഭീതി സൃഷ്ടിച്ചത്. ദാസിനെ സ്കൂളിൽ നിന്നും താത്കാലിമായി സസ്‌പെൻഡ് ചെയ്തു.
സിൽച്ചാറിലെ താരാപൂർ സ്വദേശിയാണ് ധൃതിമേധ ദാസ്. 11 വർഷത്തിലേറെയായി ഇയാൾ അദ്ധ്യാപകനായി ജോലി നോക്കുന്നു. സ്കൂളിൽ അദ്ധ്യാപകൻ വടിവാളുമായി വരുന്നു എന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പോലീസ് സ്കൂളിൽ എത്തിയത്. പക്ഷെ, തന്റെ കൈവശമുണ്ടായിരുന്ന ആയുധം ഇയാൾ മറച്ചു വെയ്‌ക്കുകയും എല്ലാം സാധാരണയെന്ന പോലെ അഭിനയിക്കുകയും ചെയ്തു.
എന്നാൽ, വിദ്യാർത്ഥികളുടെയും മറ്റ് അദ്ധ്യാപകരുടെയും മുഖത്തെ ഭയവും പെരുമാറ്റവും ശ്രദ്ധയിൽപ്പെട്ടതോടെയാണ് ധൃതിമേധ ദാസിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇയാളുടെ കൈവശമുണ്ടായിരുന്ന വടിവാള് പിടിച്ചെടുക്കുകയും ചെയ്തു. അദ്ധ്യാപകനെതിരെ തുടർനടപടികൾ സ്വീകരിക്കാൻ വിദ്യാഭ്യാസ വകുപ്പിനോട് പോലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്കൂളിലെ മൂന്ന് അദ്ധ്യാപകരെ കൊല്ലണമെന്ന് എഴുതിയിരിക്കുന്ന കുറിപ്പുകളും ഇയാളിൽ നിന്ന് പോലീസ് കണ്ടെടുത്തു.
Comments