കോഴിക്കോട്: മേയർ സ്ഥാനത്ത് തുടരാൻ ഒരു നിമിഷം പോലും യോഗ്യതയില്ലാത്ത ആളാണ് ആര്യാ രാജേന്ദ്രൻ എന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്. നിയമവിരുദ്ധമായി അധികാരം ദുർവിനിയോഗം ചെയ്ത വ്യക്തിയാണ് മേയർ ആര്യാ. മേയർ മാത്രമല്ല, മറ്റ് ഭരണസമിതി അംഗങ്ങളും നിയമവിരുദ്ധമായുള്ള കാര്യങ്ങൾ ചെയ്തു. അതിനാലാണ് ഭരണസമിതി പൂർണ്ണമായും പിരിച്ചു വിടണമെന്ന് ബിജെപി ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമാണ് തിരുവനന്തപുരം നഗരസഭയിൽ നടക്കുന്ന ബിജെപി പ്രതിഷേധം. ഈ പ്രതിഷേധം തിരുവനന്തപുരത്ത് മാത്രം ഒതുങ്ങുകയില്ല, കേരളം മുഴുവൻ പ്രക്ഷോഭം വ്യാപിപ്പിക്കാനാണ് ബിജെപിയുടെ തീരുമാനമെന്ന് എം.ടി.രമേശ് പറഞ്ഞു.
പാർട്ടി കേഡർമാർക്ക് ജോലികൊടുക്കുന്ന ഏർപ്പാടുകൾ അവസാനിപ്പിക്കണം. അതിനു വേണ്ടി ശക്തമായ പ്രക്ഷോഭങ്ങൾ നടത്താൻ ബിജെപി തയ്യാറാകും. സംസ്ഥാനത്തെ സാമാന്യ ജനങ്ങളുടെ ബുദ്ധിയെ വെല്ലുവിളിക്കുകയാണ് സിപിഎം. കത്ത് വ്യാജമാണെന്ന് മേയർ പറഞ്ഞിട്ടില്ല. ലെറ്റർ ഹെഡിൽ മേയറുടെ പേരും ഒപ്പും ഉണ്ട്. ഇതിൽ ഏതാണ് വ്യാജം. മേയറുടെ ഒപ്പ് വ്യാജമായി ഇടാൻ സാധിക്കുന്ന രീതിയിലാണോ കോർപ്പറേഷന്റെ ഭരണം നടക്കുന്നത്. ലെറ്റർ ഹെഡ് കട്ടെടുത്ത് വ്യാജ ഒപ്പിട്ട് കത്ത് പുറത്ത് വന്നെങ്കിൽ അത് എങ്ങനെയാണെന്ന് വ്യക്തമാക്കണമെന്ന് ബിജെപി നേതാവ് ആവശ്യപ്പെട്ടു.
കത്ത് പുറത്തു വന്നതിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നടന്ന എല്ലാ താത്കാലിക നിയമനങ്ങളും അന്വേഷിക്കാൻ തയ്യാറാകണം. മേയർ രാജി വയ്ക്കുന്നതോടൊപ്പം ഭരണസമിതി പിരിച്ചു വിടണം. കത്ത് സംബന്ധിച്ച് തദ്ദേശ ഭരണ വകുപ്പ് അന്വേഷണത്തിന് തയ്യാറാകണം. നിയമനങ്ങൾ സിപിഎം പണം വാങ്ങി വിൽക്കുകയാണ്. മേയർ രാജി വെയ്ക്കാൻ തയ്യാറല്ലെങ്കിൽ പുറത്താക്കുകയാണ് വേണ്ടത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണ സമിതിയുടെയും മേയറുടെയും നിയമ വിരുദ്ധമായ പ്രവർത്തനങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും എം.ടി.രമേശ് വ്യക്തമാക്കി.
Comments