ലക്നൗ: ദിവ്യാംഗരുടെ ക്രിക്കറ്റ് കിരിടം നേടി ചരിത്രം കുറിച്ച് ജമ്മുകശ്മീർ ടീം. ഉത്തർപ്രദേശ് ആതിഥ്യം വഹിച്ച സർദാർ പട്ടേൽ നാഷണൽ ടി20 ദിവ്യാംഗ ക്രിക്കറ്റ് പോരാട്ടത്തിലാണ് ജമ്മുകശ്മീർ കിരീടം ചൂടിയത്. ഫൈനലിൽ ഹരിയാനയെ ആണ് ജമ്മുകശ്മീർ ടീം തോൽപ്പി ച്ചത്. ഇത് രണ്ടാമത്തെ ടി20 ദേശീയ ടൂർണ്ണമെന്റാണ് അരങ്ങേറുന്നത്.
16.2 ഓവറിൽ 87 റൺസാണ് കശ്മീർ നേടിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഹരിയാന 18.3 ഓവറിൽ 71 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ടമായി. 16 റൺസിനാണ് ഹരിയാനയെ ജമ്മുകശ്മീർ തോൽപ്പിച്ചത്. പുറത്താകാതെ 29 റൺസ് എടുത്ത ജമ്മുകശ്മീരിന്റെ അമീർ ഹസ്സനാണ് ഫൈനലിലെ താരം.
ടി20 ടൂർണ്ണമെന്റിലെ താരമായി ജമ്മുകശ്മീരിന്റെ വസീം ഇഖ്ബാലിനെ ആൾറൗണ്ട് മിക വിന്റെ പേരിൽ തിരഞ്ഞെടുത്തു. ഹരിയാനയുടെ അനുജിനെ മികച്ച ബാറ്ററായും ഹൈദരാ ബാദിന്റെ എസ്.പ്രശാന്തിനെ മികച്ച ബൗളറായും തിരഞ്ഞെടുത്തു.
ആഗോള തലത്തിൽ ദിവ്യാംഗർക്കായി നടക്കുന്ന ഏറ്റവും വിപുലമായ ക്രിക്കറ്റ് ടൂർണ്ണ മെന്റാണ് ഇന്ത്യ കഴിഞ്ഞ വർഷം മുതൽ ആരംഭിച്ചിരിക്കുന്നത്. 20 സംസ്ഥാനങ്ങളിൽ നിന്നായി 400 കളിക്കാരാണ് പങ്കെടുത്തത്. ബിസിസിഐയുടെ മേൽനോട്ടത്തിലുള്ള ഡിഫറന്റ്ലി ഏബിൾഡ് ക്രിക്കറ്റ് കൗൺസിൽ ഓഫ് ഇന്ത്യയാണ് ക്രിക്കറ്റ് മത്സരത്തിന്റെ സംഘാടകർ.















