സഖാക്കൾക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറും നാട്ടുകാർക്ക് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അഴിമതിക്കാരിയുമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം കോർപ്പറേഷനിൽ ഒഴിവുള്ള 295 തസ്തികകളിലേക്ക് നിയമനം നടത്താൻ, പാർട്ടിക്കാരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയറുടെ ഔദ്യോഗിക ലെറ്റർ ഹെഡിൽ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് ആര്യാ രാജേന്ദ്രൻ അയച്ച കത്ത്, സിപിഎം എന്ന പാർട്ടിയെ അറിയാവുന്നവരെ സംബന്ധിച്ച് വലിയ പുതുമയൊന്നും അല്ലാ.
പ്രത്യയശാസ്ത്ര പരിജ്ഞാനവും പാർട്ടി കൂറുമുളള സഖാക്കളെ ജോലിക്കെടുക്കുന്നതിന് നാട്ടുകാർക്കെന്താ പ്രശ്നം എന്ന ലൈനിൽ തന്നെയാണ് ഇപ്പോഴും സിപിഎം. വിദ്യാഭ്യാസ യോഗ്യതയോ പ്രവൃത്തി പരിചയമോ സഖാക്കൾക്ക് നിർബന്ധവും അല്ല. പരീക്ഷ പേപ്പർ പോലും കണ്ടിട്ടില്ലാത്തവനെ പിഎസ്സി ലിസ്റ്റിൽ ഒന്നാമതെത്തിച്ച പാർട്ടിയുടെ പവറിനെ പറ്റി നാട്ടുകാർക്ക് ഒരു ചുക്കും അറിയില്ല. വൈകാതെ തന്നെ പബ്ലിക് സർവീസ് കമ്മീഷൻ പിരിച്ചു വിട്ടു പാർട്ടി സർവീസ് കമ്മീഷൻ രൂപീകരിക്കാനാണ് പാർട്ടിയുടെ തീരുമാനം. സഖാക്കൾ വിചാരിക്കുന്നത് ഇതെല്ലാം ജനങ്ങൾക്ക് മനസ്സിലാകില്ല എന്നാണ്.
വേര് പിടിച്ച രാജ്യങ്ങളിൽ നിന്ന് മാത്രമല്ല, ഇന്ത്യയിലെ ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിൽ നിന്നും ജനങ്ങൾ പടിയടച്ച് പിണ്ഡം വച്ച കമ്മ്യൂണിസം എന്ന കാലഹരണപ്പെട്ട പ്രത്യയശാസ്ത്രത്തിന്റെ ആരാധകർക്ക് ഈ പ്രബുദ്ധ കേരളത്തിൽ മാത്രം ഇന്നും പിടിച്ചു നിൽക്കാൻ കഴിയുന്നത്, പാർട്ടി അടിമകളായ സഖാക്കൾക്കും ഇഷ്ടക്കാർക്കും പാർട്ടിക്കൂറ് അനുസരിച്ച് വീതിച്ചു നൽകുന്ന ഈവക അപ്പവും അടയും എള്ളുണ്ടയും ആണെന്ന് മനസ്സിലാക്കാൻ രാഷ്‌ട്ര മീമാംസയിൽ പിഎച്ച്ഡിയോ ബിരുദാനന്തര ബിരുദമോ ഒന്നും ആവശ്യമില്ല. വീണിടത്തിട്ട് ചവിട്ടിയിട്ട്, ‘ഇന്നാടാ കിറ്റ്’ എന്ന് പറഞ്ഞ് എറിഞ്ഞു തരുമ്പോൾ, അത് വാങ്ങി വോട്ട് ചെയ്യുന്ന മലയാളിയുടെ മിനിമം രാഷ്‌ട്രീയ പ്രബുദ്ധത മതി, ഇതൊക്കെ മനസ്സിലാക്കാൻ.
മേയറാക്കാൻ സിപിഎം നിർത്തിയ ഏതാണ്ട് എല്ലാ മുതിർന്ന നേതാക്കളും ദയനീയമായി തോറ്റ് തുന്നം പാടിയപ്പോൾ, സിപിഎമ്മിൽ ഉണ്ടായ അപ്രതീക്ഷിതമായ അധികാര തർക്കത്തിന്റെ ഗുണഭോക്താവായിരുന്നു ആര്യാ രാജേന്ദ്രൻ. തർക്കം ഒഴിവാക്കി നഗരസഭാ ഭരണം നിലനിർത്താൻ പാർട്ടിയിലെ തലമൂത്ത നേതാക്കളുടെ ഒത്തുതീർപ്പ് ഫോർമുല പ്രകാരം ആര്യ മേയറായി, ഏതാണ്ട് പൊട്ടന് ലോട്ടറി അടിച്ച പോലെ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ എന്ന അപദാനത്തിനൊപ്പം മാദ്ധ്യമങ്ങളിലെ പഴയ എസ് എഫ് ഐ നേതാക്കളുടെ ടീച്ചറമ്മ മോഡൽ പിആർ വർക്ക് കൂടി ആയപ്പോൾ ആര്യ സിപിഎമ്മിന്റെ സ്വന്തം മേയറൂട്ടി ആയി. ഗതികേട് എന്നല്ലാതെ എന്ത് പറയാൻ??
അതവിടെ നിൽക്കട്ടെ, മേയറായി പിച്ച വെച്ച നാൾ മുതൽ അഴിമതി എന്ന വാക്കിന്റെ പര്യായമായി മാറുകയായിരുന്നു ആര്യ രാജേന്ദ്രൻ. പട്ടികജാതി ഫണ്ട് അടിച്ചു മാറ്റൽ, ആറ്റുകാൽ പൊങ്കാല അഴിമതി, വീട്ടുകരം കുംഭകോണം തുടങ്ങി എണ്ണിയാലൊടുങ്ങാത്ത അഴിമതികളിൽ, സിപിഎമ്മിന്റെ മുഖച്ഛായയായി അതിവേഗം മാറാൻ ആര്യയ്‌ക്ക് കഴിഞ്ഞു. ആ ശ്രേണിയിലെ ഏറ്റവും പുതിയ വിവാദമായിരുന്നു നിയമന കത്ത് സംഭവം. മേയറുടെ കത്തിനോടുള്ള സിപിഎം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന്റെ ആദ്യ പ്രതികരണം എനിക്ക് അങ്ങനെ ഒരു കത്ത് കിട്ടിയിട്ടില്ല എന്നായിരുന്നു. എല്ലാം ചെയ്തു വെച്ചിട്ട് ‘എനക്കൊന്നും അറിയില്ല ‘ എന്ന് പൊടി തട്ടുന്ന മുഖ്യനെയും, രാജസ്ഥാൻ ബാലനെ തൊഴിച്ചത് ഞാനല്ല എന്ന് നിഷ്കളങ്കമായി മാദ്ധ്യമങ്ങളോട് പ്രതികരിച്ച ഷംസീർ സഖാവിനെയും ഓർമ്മ വന്നാലും തെറ്റ് പറയാനാവില്ല.
കത്ത് പുറത്തു വന്ന് ഇരുപത്തിനാല് മണിക്കൂർ വരെ പ്രതികരിക്കാതിരുന്ന നഗരപിതാവ്, ഒടുവിൽ കത്തിന്റെ പിതൃത്വം നിഷേധിച്ച് രംഗത്ത് വന്നു. കത്ത് എഴുതിയത് താനല്ല.. ശരി അപ്പോ എഴുതിയത് ആരാണ്? അത് എനിക്കറിയില്ല… ഓഫീസിലെ ആരെങ്കിലുമാണോ? ഓഫീസിലെ എല്ലാവരെയും വിശ്വാസമാണ്….ഇതെന്ത് ന്യായീകരണമാണ് സഖാവെ. ഇതിനെല്ലാം പുറമെ മേയർ പരാതി നൽകിയെന്ന് പോലും. മേയർ പരാതി കൊടുത്തിരിക്കുന്നത് ചില്ലറക്കാരന്റെ അടുത്തെങ്ങുമല്ല.. എനിക്കറിയില്ല സിദ്ധാന്തത്തിന്റെ ഉപജ്ഞാതാവിന്റെ പക്കൽ നേരിട്ടാണ് മേയർ പരാതി നൽകിയിരിക്കുന്നത്.. എന്തായാലും സന്ദീപാനന്ദഗിരിയുടെ ഹോം സ്റ്റേ കത്തിച്ച പ്രതിയെ കണ്ടു പിടിച്ച അതേ മാതൃകയിൽ കത്തിന്റെ ഉത്തരവാദിയെയും കണ്ടു പിടിക്കും എന്ന് നമുക്ക് പ്രതീക്ഷിച്ച് കണ്ണിൽ കുറച്ച് എണ്ണയും ഒഴിച്ച് കാത്തിരിക്കാം.. അല്ലേലും മേയറൂട്ടി പാവാ, പച്ചവെള്ളം ചവച്ച് കുടിക്കുന്ന ഒരാൾക്ക് അഴിമതി എന്താണെന്ന് പോലും തിരിയൂല..
Comments