ന്യൂഡൽഹി: ആഗോള താപനം കുറയ്ക്കാൻ ഇന്ത്യ വൻതോതിൽ വനവൽക്കരണം നടത്തുമെന്ന പ്രഖ്യാപനവുമായി കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവ്. കോപ്27 എന്ന അന്താരാഷ്‌ട്ര പരിസ്ഥിതി സമ്മേളനത്തിലാണ് 2030 ഓടെ ഇന്ത്യ 3 ബില്യൺ ടൺ കാർബൺഡ യോക്‌സൈഡ് വലിച്ചെടുക്കാൻ ശേഷിയുള്ളത്ര വനവൽക്കരണം രാജ്യമൊട്ടാകെ നടത്തുമെന്ന് പ്രഖ്യാപിച്ചത്. കാലാവസ്ഥാ
വ്യതിയാന രൂക്ഷത കുറയ്‌ക്കാനായി, കണ്ടൽ വന സംരക്ഷണ ആഗോള കൂട്ടായ്മയുടെ പ്രത്യേക യോഗത്തിലാണ് ഭൂപേന്ദർ യാദവ് ഇന്ത്യയുടെ പരിസ്ഥിതി രംഗത്തെ പരിശ്രമങ്ങൾ വിശദീകരിച്ചത്.
കണ്ടൽ വനങ്ങൾ ഇന്ത്യൻ തീരത്ത് സമൃദ്ധമായ ശുദ്ധവായു വിതരണ കേന്ദ്രങ്ങളാണെന്നും ഒപ്പം ജലജീവികളുടെ ആവാസ വ്യവസ്ഥയ്‌ക്ക് വലിയ പങ്കാണ് നൽകുന്നതെന്നും യാദവ് ചൂണ്ടിക്കാട്ടി. ഒപ്പം അന്തരീക്ഷത്തിലെ കാർബൺ ഇല്ലാതാക്കാൻ നടത്തുന്ന പരിശ്രമത്തിൽ ഇന്ത്യ വൻ മുന്നേറ്റമാണ് നടത്തുന്നത്. 7,500 കിലോമീറ്റർ വരുന്ന സമുദ്രതീരങ്ങളും ലക്ഷക്കണക്കിന് ഹെക്ടറിൽ വിശാലമായ ഉൾനാടൻ ജലമേഖലകളും ഇന്ത്യയുടെ വിശാലമായ കണ്ടൽ വനങ്ങളാണ്. ഈ സമൃദ്ധി ഇനിയും വൻതോതിൽ വർദ്ധിപ്പിക്കുവാനാണ് ശ്രമമെന്നും 2030ഓടെ വലിയ മാറ്റം സാദ്ധ്യമാകുമെന്നും ഭൂപേന്ദർ യാദവ് പറഞ്ഞു.
ആഗോള തലത്തിൽ വിവിധയിനം കണ്ടലുകളാൽ സമൃദ്ധമായ 123 രാജ്യങ്ങളാണുള്ളത്. ഏറ്റവുമധികം കാർബൺ വലിച്ചെടുക്കുന്നത് കണ്ടലുകളാണെന്നും ആഗോളതലത്തിലെ വനങ്ങളിൽ മൂന്ന് ശതമാനം കണ്ടലുകളാണെന്നും പരിസ്ഥിതി സമ്മേളനത്തിലെ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. നീല സമ്പദ് വ്യവസ്ഥ എന്ന് വിളിക്കുന്ന സമുദ്ര സമ്പത്തിന് കാരണം ഉൾ നാടൻ ജലാശയങ്ങളിലെ അതിവിശാല ജൈവആവാസ വ്യവസ്ഥ സൃഷ്ടിക്കുന്ന കണ്ടലുകളാണെന്നും ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടി.
















Comments