കണ്ണൂര്‍: നിയമന കത്ത് വിവാദത്തിൽ മേയർ ആര്യാ രാജേന്ദ്രന്‍ മാപ്പ് പറഞ്ഞാല്‍ കോൺഗ്രസ് പ്രതിഷേധം അവസാനിപ്പിക്കാമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. മാപ്പ് പറയുകയാണെങ്കിൽ മേയർ രാജി വെക്കേണ്ട. ആര്യയ്‌ക്ക് ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ഉപദേശം നല്‍കേണ്ടത് സിപിഎം ആണെന്നുമാണ് കെ. സുധാകരൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ചത്.
‘രാജി വയ്‌ക്കണം, അല്ലെങ്കില്‍ പൊതുമാപ്പ്. പൊതുമാപ്പ് എന്നത് സ്ഥാനം ഒഴിയുന്നതിനെക്കാള്‍ വലുതാണ്. മാപ്പ് പറഞ്ഞാല്‍ കോണ്‍ഗ്രസ് പ്രതിഷേധം അവസാനിപ്പിക്കും. ഇത് വ്യക്തിപരമായ അഭിപ്രായമാണ്. മാപ്പ് പറഞ്ഞാല്‍ അക്കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്യും. ആര്യ ചെറിയ പ്രായമാണ്. ബുദ്ധി കുറവാണ്. ബുദ്ധിയില്ലാത്ത മേയര്‍ക്ക് ഉപദേശം നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് സാധിക്കണം’ എന്നാണ് കെ.സുധാകരന്‍ പറഞ്ഞത്.
സംഭവത്തില്‍ കോൺഗ്രസും യൂത്ത് കോണ്‍ഗ്രസും രാജി ആവശ്യപ്പെട്ട് പ്രതിഷേധം നടത്തുമ്പോഴാണ് കെ. സുധാകരന്റെ പ്രതികരണം. അതേസമയം, മേയർക്കെതിരെയും ഭരണ സമിതിക്കെതിരെയും പ്രതിഷേധം ശക്തമാക്കുകയാണ് ബിജെപി. പ്രതിപക്ഷ കൗൺസിലർമാർ നഗരസഭയ്‌ക്ക് അകത്ത് പ്രതിഷേധിക്കുമ്പോൾ നഗരസഭയ്‌ക്ക് പുറത്തും പ്രതിഷേധം നടത്താനാണ് ബിജെപി തീരുമാനം. മഹിളാ മോർച്ച പ്രവർത്തകരുടെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമാക്കുക.
Comments